കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതി രാഹുലിന്റെ അമ്മ ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്ക്കുമാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ രണ്ട്, മൂന്ന് പ്രതികളാണ് ഇരുവരും. കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്.
പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുല്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോണ്‍ രാഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.