CMDRF

പപ്പായയുടെ വേരുമുതല്‍ ഫലം വരെ ഉപയോഗപ്രദം

പപ്പായയുടെ വേരുമുതല്‍ ഫലം വരെ ഉപയോഗപ്രദം
പപ്പായയുടെ വേരുമുതല്‍ ഫലം വരെ ഉപയോഗപ്രദം

പ്ലങ്ങ, ഓമയ്ക്ക, പാപ്പയ്ക്ക എന്ന് തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. നമ്മുടെ പറമ്പുകളില്‍ സുലഭമായി കാണപ്പെടുന്ന പപ്പായ കീടനാശിനികളുടെ സഹായമില്ലാതെ വളരുന്നതിനാല്‍ പേടിക്കാതെ കഴിക്കുകയും ചെയ്യാം. നാട്ടിലെങ്ങും കിട്ടുന്ന പഴവര്‍ഗ്ഗം എന്നതിലപ്പുറം പപ്പായയുടെ ഗുണങ്ങള്‍ പലര്‍ക്കും ഇന്നും അറിയില്ല. എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകള്‍, നാരുകള്‍, മറ്റ് ധാതുക്കള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ്. സൗന്ദര്യ സംരക്ഷണത്തില്‍ പപ്പായ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മുഖസൗന്ദര്യത്തിനും നിറം വര്‍ദ്ധിപ്പിക്കാനും പലരും പഴുത്ത പപ്പായ ഉപയോഗിക്കാറുണ്ട്. പറമ്പുകളില്‍ ധാരാളമായി കാണപ്പെടുന്നത് കൊണ്ട് തന്നെ ഈ പഴത്തിന് വേണ്ടത്ര പരിഗണന ആരും കൊടുക്കാറില്ല. എന്നാല്‍ പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാല്‍ പപ്പായയെ പിന്നെ ഒരിക്കലും നിസ്സാരവല്‍ക്കരിക്കുകയില്ല എന്ന് മാത്രമല്ല, പപ്പായ കഴിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യും.

പഴുത്ത പപ്പായ മാത്രമല്ല, പപ്പായയുടെ ഇലയും കുരുവും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പ്രകൃതിദത്തമായ കലവറയാണ് പപ്പായ എന്ന് തര്‍ക്കമില്ലാതെ പറയാം. ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്നു. വിവിധ ത്വക് രോഗങ്ങള്‍ മുതല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, പാന്‍ക്രിയാസ് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ തെളിയിച്ചിട്ടുള്ളതാണ്. വിറ്റാമിന്‍ Aയും വിറ്റാമിന്‍ Cയും ഉള്‍പ്പടെ പോളിസാക്കറൈഡുകള്‍, എന്‍സൈമുകള്‍, പ്രോട്ടീന്‍, ധാതുലവണങ്ങള്‍ എന്നിവ പപ്പായയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ക്യാന്‍സറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങള്‍ ധാരാളമുണ്ടെങ്കിലും പപ്പായയില്‍ കലോറി കുറവാണ്. ആരോഗ്യം വര്‍ധിപ്പിക്കാന്‍ പഴുത്ത പപ്പായയും പച്ച പപ്പായയും ഉപയോഗിക്കാം. രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, വിറ്റാമിന്‍ C എന്നിവ ചര്‍മ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ അകറ്റുകയും വാര്‍ധ്യക്യത്തിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.ഈ പഴത്തിലെ ഇല നന്നായി ആവിയില്‍ വേവിച്ച ശേഷം വിവിധ മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മരുന്നായി ഉപയോഗിക്കാം. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, ഫൈറ്റോന്യൂട്രിയന്റുകള്‍, വിറ്റാമിന്‍ A, C, E, K തുടങ്ങിയവ ആരോഗ്യത്തെ പരിപോഷിപ്പിക്കും. പപ്പായയുടെ ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ പെപ്റ്റിക് അള്‍സര്‍ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ വയറിലുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ വേദന മാറ്റാന്‍ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. കൂടാതെ ആര്‍ത്തവ സമയത്തും ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പും ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനും പപ്പായ ഇലയുടെ സത്ത് മതി. ആര്‍ത്തവ ചക്രം ക്രമമാക്കാനും ഈ സത്ത് വളരെ ഉപയോഗപ്രദമാണ്.

Top