കൊച്ചി: തെലുങ്ക് സിനിമ ചിത്രീകരണത്തിനിടെ കോതമംഗലത്ത് കാട് കയറിയ പുതുപ്പള്ളി സാധു എന്ന ആനയെ തിരികെ പുതുപ്പള്ളിയിൽ തന്നെ എത്തിച്ചു. സാധുവിനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി എന്ന് ആന പാപ്പാൻ മണിമല ബിജു പ്രതികരിച്ചു. ഇനി ഉടൻ തന്നെ സാധുവിനെ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ലെന്നും ആനക്ക് വിശ്രമം ആവശ്യമാണെന്നും ആന പാപ്പാൻ പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഭൂതത്താന്‍കെട്ട് വനമേഖലയിൽ ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്. ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. വനപാലകരും പാപ്പാൻമാരും ഉൾപ്പെടെ ഉൾക്കാടിന് ചുറ്റും ആനയെ തേടുമ്പോൾ തുണ്ടത്തിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം തന്നെ വളരെ സാധുവായി നിൽക്കുന്നുണ്ടായിരുന്നു ‘പുതുപ്പള്ളി സാധു’. വനം വകുപ്പ് സംഘത്തിനൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ സാധുവിനെ അനുനയിപ്പിച്ചു. കുടിക്കാൻ വെള്ളവും കഴിക്കാൻ കടല മുട്ടായിയും കൊടുത്തു. ആനപ്രേമികളുടെ പ്രിയങ്കരനായ സാധുവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് വനം വകുപ്പ് അറിയിച്ചു.
Also Read: ആ മുഖത്തേക്കൊന്ന് നോക്കു… എന്തൊരു നിഷ്കളങ്കത
സ്റ്റാർ ആണേ സാധു
സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഒപ്പം അഭിനയിക്കാൻ എത്തിയ മണികണ്ഠൻ എന്ന ആനയുടെ കുത്തേറ്റ് പുതുപ്പള്ളി സാധു കഴിഞ്ഞ ദിവസ്സം വൈകിട്ട് അഞ്ച് മണിയോടെ ഉൾക്കാട്ടിലേക്ക് ഓടിക്കയറിയത്. രാത്രി നടത്തിയ തെരച്ചിലിൽ ആനയെ കണ്ടെത്താൻ കഴിയാഞ്ഞതോടെയാണ് പുലർച്ചെ മുതൽ വീണ്ടും തെരച്ചിൽ തുടങ്ങിയത്. കുത്തേറ്റെങ്കിലും സാധുവിന് പരുക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലായെന്ന് വനം വകുപ്പ് അറിയിച്ചു.
Also Read: ഷൂട്ടിങ് സെറ്റിൽ നിന്ന് കാടുകയറിയ ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി
തന്റെ പേര് പോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. നമ്മുടെ തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത് സിനിമ അഭിനയമാണ്. തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ.