ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായ പാപുവ ന്യൂ ഗിനിയയിലെ മണ്ണിടിച്ചിലില്‍ ഏകദേശം 670 പേരെങ്കിലും മരിച്ചിരിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് എഴുന്നുറോളം പേര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കാമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുന്ന് മണിയോടെ ആയിരുന്നു പാപുവ ന്യൂ ഗിനിയയില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലില്‍ രാജ്യത്തെ എന്‍ഗാ പ്രവശ്യ ഒറ്റപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഇന്‍ പാപുവ ഗിനിയ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 150 ഓളം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും സംഘടനാ മേധാവി ഷെഹ്റാന്‍ അക്ടോപാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ദുരന്തം നാശം പിടിച്ച മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചില്‍ തുടരുന്നതും വെള്ളക്കെട്ടുമാണ് രക്ഷാ ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ദുരന്തം ബാധിച്ച പ്രദേശത്ത് മാത്രം നാലായിരത്തോളം പേര്‍ താമസിച്ചുവന്നിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തില്‍ ഇതുവരെ 1000ത്തിലധികം പേര്‍ നിരാലംബരാക്കപ്പെട്ടിട്ടുണ്ടെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള സംവിധാനം ഉള്‍പ്പെടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പാടെ തകര്‍ന്നതായും അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീണ പാറക്കല്ലുകളും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രദേശവാസികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം വലിയ കല്ലുകളും മരങ്ങളും തകര്‍ന്ന കെട്ടിടങ്ങളും കാരണം മൃതദേഹങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നത് പ്രതിസന്ധിയിലാക്കുന്നുവെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു.