പാരാലിംപിക്‌സ് ബാഡ്മിന്റണിൽ മെഡൽനേട്ടം ഉയർത്തി ഇന്ത്യ. പുരുഷ സിംഗിൾസ് എസ്എൽ 4 ബാഡ്മിന്റൺ വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളിമെഡൽ നേടിയിരിക്കുകയാണ്. ഇതോടെ പാരിസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി. പാരിസ് ഗെയിംസിൽ ബാഡ്മിന്റണിൽ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. നേരത്തെ ബാഡ്മിന്റണിൽ നിതേഷ് കുമാർ സ്വർണവും തുളസിമതി മുരുഗേശൻ വെള്ളിയും മനീഷ രാമദാസ് വെങ്കലവും നേടിയിരുന്നു.
സ്വർണമെഡൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനായ ലൂക്കാസ് മസൂരിനോടാണ് സുഹാസ് അടിയറവ് പറഞ്ഞത്. 9-21, 13-21 എന്ന സ്‌കോറിനായിരുന്നു സുഹാസിന്റെ പരാജയം. വെള്ളിമെഡൽ നേടിയതോടെ പാരാലിംപിക്‌സിൽ ചരിത്രം കുറിക്കാനും സുഹാസിന് സാധിച്ചു. പാരാലിംപിക്‌സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷട്ട്‌ലറെന്ന നേട്ടമാണ് സുഹാസിനെ തേടിയെത്തിയത്. 41കാരനായ സുഹാസ് ടോക്കിയോ പാരാലിംപിക്‌സിലും വെള്ളിമെഡൽ നേടിയിരുന്നു.
Also Read:പാരാലിമ്പിക്‌സ്: ഇന്ത്യയ്ക്ക് എട്ടാം മെഡല്‍
പാരാലിംപിക്‌സ് ബാഡ്മിന്റണിൽ മെഡൽക്കൊയ്ത്ത് തുടരുകയാണ് ഇന്ത്യ. നേരത്തെ വനിതകളുടെ എസ്‌യു5 ബാഡ്മിന്റൺ ഇനത്തിൽ ഇന്ത്യയുടെ തുളസിമതി മുരുഗേശൻ വെള്ളിമെഡൽ നേടിയിരുന്നു. ഇതോടെ പാരാലിംപിക്‌സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ ഷട്ടിൽ താരമായി മാറിയിരിക്കുകയാണ് തുളസിമതി.
Also Read:പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും
സെമി ഫൈനലിൽ ഇന്ത്യയുടെ തന്നെ മനീഷ രാമദാസിനെ പരാജയപ്പെടുത്തിയാണ് തുളസിമതി മുന്നേറിയത്. വെങ്കലപ്പോരാട്ടത്തിൽ വിജയിച്ച മനീഷ ഇന്ത്യയുടെ 10-ാം മെഡൽ സ്വന്തമാക്കിയിരുന്നു. പാരാലിംപിക്‌സ് ബാഡ്മിന്റണിൽ വെങ്കലം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയെന്ന നേട്ടവും ഇതോടെ മനീഷയെ തേടിയെത്തി. പുരുഷ സിംഗിൾസ് SL3 ബാഡ്മിന്റൺ ഇനത്തിൽ നിതേഷ് കുമാർ സ്വർണവും നേടിയിരുന്നു. പാരിസ് പാരാംലിംപിക്‌സിൽ ഇന്ത്യയുടെ രണ്ടാം സ്വർണമെഡലാണിത്.