എറണാകുളം: ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ എത്തിയ സംഘത്തെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ഭീഷണിപ്പെടുത്തി. തൃശ്ശൂര്‍ പൂരത്തിന് ഹൈക്കോടതി നിയോഗിച്ച സംഘത്തെ ഭീഷണിപ്പെടുത്തിയെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ആനകളുടെ അടുത്ത് നിന്നും പാപ്പാന്മാരെ പിന്‍വലിച്ചതിനാല്‍ സംഘത്തിന്റെ ജീവന് തന്നെ ഭീഷണി ഉണ്ടായെന്നാണ് അമിക്കസ് ക്യൂറി ടി സി സുരേഷ് മേനോന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഹൈക്കോടതി വൈകാതെ പരിഗണിക്കും.
തൃശ്ശൂര്‍ പൂരം നടത്തിപ്പിലും ആന എഴുന്നള്ളത്തിലും ഹൈക്കോടതി ഇടപെട്ടതിനെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രൂക്ഷമായി വിമര്‍ശിച്ചെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിലുള്ളത്. ഹൈക്കോടതിക്ക് ഏത് ഉത്തരവ് വേണമെങ്കിലും പാസാക്കമെന്നും അത് അനുസരിക്കില്ലെന്നുമാണ് അദ്ദേഹം മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ പറഞ്ഞത്. ഭീഷണിയുടെ സ്വരമായിരുന്നു അദ്ദേഹത്തിന്. പാറമേക്കാവ് ദേവസ്വത്തിന്റെ ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച സംഘം എത്തിയപ്പോള്‍ രാജേഷും ദേവസ്വത്തിലെ മറ്റ് ഭാരവാഹികളും സഹകരിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ആനകളെയും പരിശോധിക്കാന്‍ കഴിഞ്ഞില്ല. മൃഗസംരക്ഷണ വകുപ്പ് ആനകളെ പരിശോധിച്ചതാണെന്നായിരുന്നു ദേവസ്വത്തിന്റെ ന്യായീകരണം. ചെറിയ സ്ഥലത്ത് നിര്‍ത്തിയിരുന്ന ആനകളുടെ സമീപത്ത് നിന്ന് പാപ്പാന്‍മാരെ പിന്‍വലിച്ചതിനാല്‍ പരിശോധനക്കെത്തിയ സംഘത്തിന്റെ ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല വര്‍ക്ക് രജിസ്റ്ററും മൂവ്‌മെന്റ് രജിസ്റ്ററുമില്ലാതെയാണ് പൂരത്തിന് ആനകളെ കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാന പരിപാലനത്തിനുള്ള ചട്ടപാലനത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നുണ്ട്. ആന ഉടമകള്‍ക്ക് ചികിത്സാവിവരങ്ങളള്‍ രേഖപ്പെടുത്താനുള്ള ഇന്‍സ്‌പെക്ഷന്‍ ബുക്ക് നല്‍കണം. ആനയെ എങ്ങോട്ട് കൊണ്ട് പോവുമ്പോഴും മൂവ്‌മെന്റ് രജിസ്റ്ററും വര്‍ക്ക് രജിസ്റ്ററും ഒപ്പം കരുതണമെന്നും വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശങ്ങളിലുണ്ട്. തൃശ്ശൂര്‍ പൂരം പോലെയുള്ള വലിയ പരിപാടികള്‍ക്ക് ചുരുങ്ങിയത് 24 മണിക്കൂര്‍ മുമ്പ് ആനകളെ എത്തിച്ചാലേ പരിശോധനകള്‍ കൃത്യമായി നടത്താനാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.