തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടപടികള്‍ നടക്കുന്നത്. 131 സാക്ഷികളെയാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ കേസില്‍ വിചാരണ ചെയ്യുന്നത്.
ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് കാമുകനായ ഷാരോണിന്റേതെന്നാണ് പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.