പറവൂർ: വിനോദസഞ്ചാര സീസണായിട്ടും ബീച്ചുകളിൽ സുരക്ഷ ഒരുക്കുന്നതിൽ അനാസ്ഥ തുടർന്ന് നഗരസഭയും ടൂറിസം വകുപ്പും. കാപ്പിൽ, തെക്കുംഭാഗം, പൊഴിക്കര എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിദേശീയരും തദ്ദേശീയരുമായ സഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്, എന്നാൽ അവർക്കാവശ്യമായ സുരക്ഷ തീരങ്ങളിൽ ഒരുക്കുന്നില്ല. ഇതേ തുടർന്ന് തീരങ്ങളിൽ സഞ്ചാരികളുടെ ജീവനുകൾ കടലെടുക്കുകയാണ്. ഒരുവർഷത്തിനിടെ വിദേശ സഞ്ചാരികൾ ഉൾപ്പെടെ എട്ടു പേരുടെ ജീവനാണ് കാപ്പിൽ കടലിൽ പൊലിഞ്ഞത്.
തെക്കും ഭാഗം, പൊഴിക്കര തീരങ്ങളിൽ ലൈഫ് ഗാർഡുകളില്ല. പുതിയ ലൈഫ് ഗാർഡുകൾക്ക് പരിശീലനം നൽകിയിട്ടുമില്ല. ടൂറിസം പൊലീസുകാരുടെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും സേവനമില്ല. സുരക്ഷാ ക്യാമറകൾ കേടായി കേബിളിൽ തൂങ്ങിയാടുന്ന നിലയിലുമാണ്. തുടർച്ചയായ അപകടങ്ങളും കള്ളക്കടൽ പ്രതിഭാസവും കാരണം കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: തൃശ്ശൂരിൽ ട്രെയിൻ തട്ടി സ്ത്രീയുടെ കാലുകൾ നഷ്ടപ്പെട്ടു
പക്ഷേ അതുസംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ മത്സ്യതൊഴിലാളികൾ മാത്രമാണുള്ളത്. കടലിൽ മണൽത്തിട്ടയും തൊട്ടടുത്ത് കുഴികളുമുണ്ടാകും. മണൽത്തിട്ടയിലൂടെ നടന്ന് കുഴിയിലും അടിയൊഴുക്കിലുംപെട്ടാണ് കാപ്പിൽ തീരത്ത് മരണങ്ങളുണ്ടായത്. കാപ്പിലിൽ മാത്രം ഒരു വർഷത്തിനിടെ എട്ടുപേർക്ക് കടലിൽ ജീവൻ നഷ്ടമായി. ഇവിടെ ഒരു ലൈഫ് ഗാർഡ് മാത്രമാണുള്ളത്.
ലൈഫ് ഗാർഡുകളുടെ കുറവും ആവശ്യമായ സുരക്ഷാവേലി ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതുമാണ് അപകടസാധ്യത സൃഷ്ടിക്കുന്നത്. ടൂറിസം വകുപ്പ് സ്ഥാപിച്ച സുരക്ഷാ കാമറകളെല്ലാം നശിച്ചതും സുരക്ഷാ ഭീക്ഷണിയാണ്. പൊഴിക്കര തീരത്ത് ആഭ്യന്തര സഞ്ചാരികൾ കൂട്ടമായി എത്തിത്തുടങ്ങിയപ്പോൾ അക്രമസംഭവങ്ങളും വർധിച്ചിട്ടുണ്ട്. പൊലീസിന്റെ നീരീക്ഷണവും കുറവാണ്. കാപ്പിലിൽ എല്ലാ ആഴ്ചയിലും സഞ്ചാരികൾക്ക് തിരയിൽപ്പെട്ട് അപകടമുണ്ടാകുന്നുണ്ട്. ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ അവഗണിച്ചും കടലിന്റെ സ്വഭാവം അറിയാതെയും കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.