പാരീസ്: മെഡൽ പ്രതീക്ഷയോടെ പാരീസിലെത്തിയ ഇന്ത്യക്ക് വലിയ നിരാശയാണുണ്ടായിരിക്കുന്നത്. 15 വിഭാഗങ്ങളിൽ 21 ഷൂട്ടര്‍മാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത് എന്നാല്‍ ഷൂട്ടിങ്ങിന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ടീമുകള്‍ക്കും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനായില്ല. ഇന്ത്യക്കായി മത്സരിച്ച സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ യോഗ്യത റൗണ്ടിൽ നിന്ന് പുറത്തായി.
സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം ആറാം സ്ഥാനത്തുമെത്തി. കടുത്ത മത്സരത്തിനൊടുക്കം അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യത്തിന് ഒരു പോയന്റിന്റെ വ്യത്യാസത്തിലാണ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത നഷ്ടപ്പെട്ടത്. ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുകയെന്നിരിക്കേ അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യത്തിന് ആറാം സ്ഥാനത്തെത്താനേ ആയുള്ളൂ.
അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം 628.7 പോയന്റ് നേടി. നാലാം സ്ഥാനത്തെത്തിയ ജർമൻ സഖ്യം 629.7 പോയന്റാണ് നേടിയത്. അഞ്ചാമതെത്തിയ നോർവേ ടീം 629.6 പോയന്റ് നേടി. വെങ്കലമെഡലിനായുള്ള മത്സരത്തിന് യോഗ്യത നേടിയ ജർമൻ സഖ്യത്തിനേക്കാൾ ഒരു പോയന്റ് മാത്രം പിന്നിലായിരുന്നു ഇന്ത്യൻ സഖ്യം.10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും ശനിയാഴ്ച യോഗ്യതാറൗണ്ടിൽ മത്സരിക്കുന്നുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമാണിത്.