പാരിസ്: ന്യൂസിലാന്‍ഡിനെതിരെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി. വിജയത്തുടര്‍ച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക. കരുത്തരായ ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവരുള്ള ഗ്രൂപ്പില്‍ വിജയവുമായി അടുത്ത ഘട്ടം ഉറപ്പിക്കാനാവും ഇന്ത്യന്‍ ടീമിന്റെ ശ്രമം.
ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബെല്‍ജിയത്തിന് പിറകില്‍ രണ്ടാമതാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയെയും അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെയും കീഴടക്കിയാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താം. പന്ത്രണ്ട് ടീമുകളുള്ള ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ആദ്യഘട്ടം. ഇരുഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടറില്‍ യോഗ്യത നേടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.15നാണ് മത്സരം ആരംഭിക്കുന്നത്. സ്പോര്‍ട്സ് 18ലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.