പാരിസ്: പാരിസ് ഒളിംപിക്‌സ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ വിജയവുമായി ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-5, 21-10. ആദ്യ മത്സരത്തില്‍ മാലിദ്വീപിന്റെ ഫാത്തിമ അബ്ദുള്‍ റസാഖിനെയും ഇന്ത്യന്‍ താരം ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തില്‍ ഉടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു കണ്ടത്. ഒരിക്കല്‍പോലും എസ്റ്റോണിയന്‍ താരത്തിന് സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താനായില്ല. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ഹീ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. 2016ല്‍ റിയോ ഒളിംപിക്‌സില്‍ വെള്ളിയും 2021ല്‍ ടോക്കിയോയില്‍ വെങ്കല മെഡലും സ്വന്തമാക്കിയ പി വി സിന്ധു പാരിസില്‍ സുവര്‍ണമെഡല്‍ പ്രതീക്ഷയിലാണ്.
പാരിസ് ഒളിംപിക്‌സില്‍ രണ്ട് വെങ്കല മെഡലുകളുള്ള ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ 34-ാമതാണ്. ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 13 മെഡലുമായി ജപ്പാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.