അഭിനയ മികവില്‍ രാജ്യത്തിന്റെ തന്നെ അഭിമാനമായി നില്‍ക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനു പോലും ഇതുവരെ നേടാന്‍ കഴിയാതിരുന്ന ദേശീയ അവാര്‍ഡ് നിരവധി തവണയാണ് ഇവര്‍ വാരിക്കൂട്ടിയിരിക്കുന്നത്. ഈ മഹാനടന്‍മാര്‍ ഇപ്പോള്‍ സംഘപരിവാര്‍ പ്രൊഫൈലുകളാല്‍ രൂക്ഷമായ കടന്നാക്രമണമാണ് നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. നടന്‍ കമല്‍ ഹാസന്‍ നടത്തുന്ന വിനോദ പാര്‍ട്ടികളില്‍ കൊക്കെയ്ന്‍ നല്‍കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് താരത്തിനെതിരെ ബി.ജെ.പി കടന്നാക്രമണം ആരംഭിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലില്‍ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട് പിടിച്ചാണ് ബിജെപി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബിജെപി തമിഴ്‌നാട് വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി കമലിനെതിരെ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രസ്താവനയുടെ ചുവട് പിടിച്ച് രൂക്ഷമായ സൈബര്‍ ആക്രമണമാണ് പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും കമല്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
തന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും തമിഴ് സിനിമാ ലോകത്ത് മയക്കുമരുന്ന് സാധാരണമാണെന്നും ആണ് സുചിത്ര ആരോപിച്ചിരുന്നത്. കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്നും ധനുഷും ഐശ്വര്യ രജനീകാന്തും പരസ്പരം വഞ്ചിച്ചുവെന്നും സുചിത്ര ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇക്കൂട്ടത്തിലാണ് കമലിനെതിരെയും പരാമര്‍ശമുണ്ടായിരിക്കുന്നത്. തമിഴ് സിനിമാലോകത്ത് വലിയ ചര്‍ച്ചയാകുകയാണ് സുചിത്രയുടെ അഭിമുഖം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ കമല്‍ ഹാസനെയും കാര്‍ത്തിക് കുമാറിനെയും ചോദ്യം ചെയ്യണമെന്നതാണ് ബി.ജെ.പി ഉയര്‍ത്തുന്ന ആവശ്യം. എന്നാല്‍ സുചിത്രയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് ആദ്യം അന്വേഷണം വേണ്ടതെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരിക്കുന്നത്.
നിരന്തരം ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കമലിനെതിരെ ആരോപണം ഉന്നയിക്കുക എന്നത് തമിഴ്‌നാട് ബിജെപിയില്‍ ഇപ്പോള്‍ പതിവുള്ള കാര്യമായിരിക്കുകയാണ്. ഡി.എം.കെയും ഇടതുപക്ഷവും ഉള്‍പ്പെട്ട രാഷ്ട്രീയ സഖ്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമല്‍ തീരുമാനിച്ചതോടെ പരിവാറിന്റെ കടന്നാക്രമണവും രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. തമിഴകത്തെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തിലും സമാനമായ വേട്ടയാടലാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. നടന്‍ മമ്മൂട്ടിയെ ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ രൂക്ഷമായി കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. ‘പുഴു’ എന്ന മമ്മൂട്ടി സിനിമയുടെ സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ ചില പ്രതികരണങ്ങള്‍ മുന്‍ നിര്‍ത്തി മമ്മൂട്ടിയെ ഒരു തികഞ്ഞ വര്‍ഗ്ഗീയവാദിയും മട്ടാഞ്ചേരി മാഫിയയും ആക്കി ചിത്രീകരിച്ചാണ് കടന്നാക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ക്കും അപവാദങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നതാകട്ടെ അറിയപ്പെടുന്ന സംഘപരിവാര്‍ പ്രൊഫൈലുകളുമാണ്.
മത തീവ്രവാദവും, നികുതിവെട്ടിപ്പും, സമാന്തര സമ്പദ് വ്യവസ്ഥയും, ലഹരിയും, ഗുണ്ടായിസവും നിയന്ത്രിക്കുന്ന മലയാള സിനിമാ ലോകത്ത്…. മട്ടാഞ്ചേരി മാഫിയ എന്ന ഒന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് നേതൃത്വം കൊടുക്കുന്നത് മമ്മൂട്ടിയാണെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുക്കളെ ആക്ഷേപിക്കുന്ന സിനിമയായിരുന്നു പുഴു എന്നും അത്തരമൊരു സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചത് ഹിഡന്‍ അജണ്ട മുന്‍നിര്‍ത്തിയാണെന്നുമാണ് പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ബിനാമി പേരില്‍ ‘പുഴു’ നിര്‍മ്മിച്ചതു തന്നെ മമ്മൂട്ടിയാണെന്നാണ് സംവിധായകയുടെ ഭര്‍ത്താവ് പറയുന്നതെന്ന് പരിവാര്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടന്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരുന്നു ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ഒരു സിനിമ ഒരുക്കിയതെന്നാണ് ആരോപണം. കടുത്ത ഇസ്ലാമിക വാദിയും ‘ഉണ്ട’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അര്‍ഷാദ് അടക്കമുള്ളവര്‍ ചേര്‍ന്ന് എഴുതിയ ‘പുഴു’ എന്ന തിരക്കഥ റത്തീന സംവിധാനം ചെയ്യുകയായിരുന്നു എന്നതാണ് വെളിപ്പെടുത്തല്‍.
‘ഹൈന്ദവ വിരുദ്ധത കാണിക്കാന്‍ ഒരു സ്ത്രീ സംവിധായികയെ മുന്‍ നിര്‍ത്തി ഉണ്ടാക്കിയ തട്ടിക്കൂട്ട് ചിത്രം, യഥാര്‍ത്ഥത്തില്‍ മെഗാസ്റ്റാറിന്റെ താല്‍പ്പര്യം കൂടി കൊണ്ട് ചെയ്തതാണെന്ന വെളിപ്പെടുത്തല്‍ സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പരിവാര്‍ മുഖപത്രം ചൂണ്ടിക്കാട്ടുന്നത്. പുഴു സംവിധായകയും ഭര്‍ത്താവും തമ്മിലുള്ള ഭിന്നതയും മറ്റു ചില വിഷയങ്ങളും മുന്‍ നിര്‍ത്തി ഒരു യൂട്യൂബ് ചാനലിന് അവരുടെ ഭര്‍ത്താവ് നല്‍കിയ അഭിമുഖമാണിപ്പോള്‍ എല്ലാ സാമാന്യ മര്യാദയും ലംഘിച്ച് മമ്മൂട്ടിയെ വേട്ടയാടാനുള്ള ആയുധമാക്കി പരിവാര്‍ പ്രൊഫൈലുകള്‍ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്. ജാതിയുടേയോ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കലാകാരനെ വിലയിരുത്തുന്നത് തന്നെ അപക്വമായ നടപടിയാണ്. മമ്മൂട്ടി എന്താണ് എന്നത് ഈ നാടിന് നല്ലതു പോലെ അറിയാം. അദ്ദേഹത്തിന്റെ മതനിരപേക്ഷ മനസ്സിന് ഇതുവരെയുള്ള ജീവിതം തന്നെയാണ് ഉദാഹരണം. സിനിമയെ സിനിമയായി കാണാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അതല്ലാതെ അതിനെ മതത്തിന്റെ കണ്ണില്‍കൂടി നോക്കാന്‍ ഒരിക്കലും ശ്രമിക്കരുത്.
ഏതെങ്കിലും പ്രൊഫൈലുകള്‍ മമ്മൂട്ടിയെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ചാല്‍ വര്‍ഗ്ഗീയവാദിയായി പോകുന്ന ആളുമല്ല മമ്മൂട്ടി. രാഷ്ട്രീയത്തിലും കൃത്യമായ നിലപാടും വീക്ഷണവും ഉള്ള വ്യക്തി തന്നെയാണ് മമ്മൂട്ടി. കൈരളി ചാനലിന്റെ ആരംഭകാലം മുതല്‍ ഇന്നു വരെ അതിന്റെ തലപ്പത്ത് അദ്ദേഹം ഇരിക്കുന്നതും, ഉറച്ചനിലപാട് ഉള്ളതുകൊണ്ടാണ്. വിമര്‍ശനം ഭയന്ന് മോഹന്‍ലാല്‍ കൈരളി ഡയറക്ടര്‍ ബോള്‍ഡില്‍ നിന്നും പിന്‍വാങ്ങിയപ്പോഴും എടുത്ത നിലപാടില്‍ ഉറച്ചു നിന്ന വ്യക്തിയാണ് മമ്മൂട്ടി. ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ അവിടെ വര്‍ഗ്ഗീയ കലാപം ഉണ്ടാകില്ലായിരുന്നു എന്ന് ആര്‍ജ്ജവത്തോടെ വിളിച്ചു പറയാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചതും അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ആ ബോധത്തെ ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിച്ചാല്‍ ആ പരിപ്പ് എന്തായാലും ഈ കേരളത്തില്‍ വേവുകയില്ല. ഏതെങ്കിലും പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും എന്തെങ്കിലും വിമര്‍ശനം ഉയര്‍ന്നാല്‍ തളര്‍ന്നു പോകുന്ന മനകരുത്തല്ല മമ്മൂട്ടിയുടേതെന്നതും അദ്ദേഹത്തെ കടന്നാക്രമിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
EXPRESS KERALA VIEW