ന്യൂഡൽഹി: ഇന്ത്യയുടെ പാർലമെന്റ് കെട്ടിടം ഉൾപ്പെടെയുള്ളവ വഖഫ് ഭൂമിയിലാണെന്ന് അസമിലെ എ.ഐ.യു.ഡി.എഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ. വഖഫ് ഭേദഗതി ബില്ലിനെ എല്ലാ എം.പിമാരും പിന്തുണക്കണമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ അഭ്യർഥനക്ക് പിന്നാലെയാണ് ബദ്റുദ്ദീൻ അജ്മലിന്റെ വാദം. അനുമതിയില്ലാതെ വഖഫ് ഭൂമി ഉപയോഗിക്കുന്നത് തെറ്റാണെന്നും വഖഫ് ബോർഡ് വിഷയത്തിൽ ഉടൻ മന്ത്രിസഭ വീഴുമെന്നും ബദറുദ്ദീൻ അവകാശപ്പെട്ടു.
ദേശീയ തലസ്ഥാനത്തെ വിമാനത്താവളം വരെ നീളുന്ന വസന്ത് വിഹാറിന് ചുറ്റുമുള്ള ഭാഗം വഖഫ് സ്വത്തുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. തന്റെ വോട്ട് ബാങ്ക് മുഴുവൻ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചത് കൊണ്ടാണ് ബദറുദ്ദീൻ അജ്മൽ പ്രീണന രാഷ്ട്രീയം നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
Also Read: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജി; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും
‘പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെടുമ്പോൾ ഭരണഘടനയെ അപമാനിക്കരുതെന്ന് ഈ നേതാക്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭരണഘടന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു. മതേതരത്വം കൊണ്ട് അർഥമാക്കുന്നത് രാജ്യത്തിന്റെ പരമാധികാരം ഒരു സ്വകാര്യ സംഘടനക്കും പാട്ടത്തിന് നൽകാനാവില്ലെന്നാണ്. വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നാൽ പാവപ്പെട്ട മുസ്‌ലിംകൾക്ക് അത് പ്രയോജനം ചെയ്യും’ -ഭണ്ഡാരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കാൻ അഭ്യർഥിച്ച് കിരൺ റിജിജു സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റിട്ടത്. ‘വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കാൻ എല്ലാ എം.പിമാരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. പാർലമെന്റ്, മുനിസിപ്പൽ കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവക്ക് സംരക്ഷണം ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്തുക്കളാണ് ഇന്ത്യയിലുള്ളത്. മുസ്‍ലിം സമുദായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനായി നാം അവ ഉപയോഗിക്കണം’ -എന്നിങ്ങനെയായിരുന്നു കുറിപ്പ്.