CMDRF

ബിഎസ്എൻഎല്ലിൻറെ സേവന നിലവാരം കുറയുന്നതിൽ അതൃപ്തി അറിയിച്ച് പാർലമെൻററി സമിതി

സ്വന്തം മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന മോശം നെറ്റ്‌വർക്ക് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എൻഎല്ലിനെ കമ്മിറ്റിയംഗങ്ങൾ വിമർശിച്ചത്

ബിഎസ്എൻഎല്ലിൻറെ സേവന നിലവാരം കുറയുന്നതിൽ അതൃപ്തി അറിയിച്ച് പാർലമെൻററി സമിതി
ബിഎസ്എൻഎല്ലിൻറെ സേവന നിലവാരം കുറയുന്നതിൽ അതൃപ്തി അറിയിച്ച് പാർലമെൻററി സമിതി

ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നടത്തുന്നത്. അതുപോലെ ഈയടുത്ത കാലത്ത് അതിശക്തമായ മത്സരമാണ് സ്വകാര്യ ടെലികോം കമ്പനികളുമായി ബിഎസ്എൻഎൽ കാഴ്‌ചവെക്കുന്നത്. ഇപ്പോഴിതാ ബിഎസ്എൻഎല്ലിൻറെ സേവന നിലവാരം കുറയുന്നതിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാർലമെൻററി സമിതി. സ്വന്തം മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന മോശം നെറ്റ്‌വർക്ക് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എൻഎല്ലിനെ കമ്മിറ്റിയംഗങ്ങൾ വിമർശിച്ചത്.

അതൃപ്തിക്ക് പിന്നാലെ തന്നെ അതിനു മറുപടിയായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ആറ് മാസം കൊണ്ട് ബിഎസ്എൻഎല്ലിനെ മികവിലേക്ക് ഉയർത്തും എന്ന് എംപിമാർക്ക് കമ്പനി ഉറപ്പുനൽകിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ അധ്യക്ഷനായ പാർലമെൻററി സമിതിയാണ് ബിഎസ്എൻഎല്ലിൻറെ സേവനങ്ങളിലെ കുറവുകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. സ്വന്തം ഫോണുകളിൽ ബിഎസ്എൻഎൽ നെറ്റ്‌വർക്കിന് വേഗക്കുറവുണ്ട് എന്ന് എംപിമാർ ബിഎസ്എൻഎല്ലിനെ ഉദാഹരണം സഹിതം അറിയിച്ചു.

Also Read: തൊഴിലാളി സമരം അവസാനിപ്പിച്ച് സാംസങ്ങിലെ തൊഴിലാളികൾ

തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 4ജി വിന്യാസം നടത്തുന്ന ബിഎസ്എൻഎല്ലിൻറെ സേവനങ്ങൾ ആറ് മാസം കൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയരുമെന്ന് ചർച്ചയിൽ പങ്കെടുത്ത ബിഎസ്എൻഎൽ പ്രതിനിധികൾ എംപിമാർക്ക് ഉറപ്പ് നൽകി. എന്നാൽ ഇതിനായി നിലവിൽ 35000 മാത്രമുള്ള 4ജി ടവറുകളുടെ എണ്ണം ഒരു ലക്ഷമായി ബിഎസ്എൻഎല്ലിന് ഉയർത്തേണ്ടതുണ്ട്.

ടെലികോം സെക്രട്ടറി നീരജ് മിത്തൽ, ബിഎസ്എൻഎൽ സിഎംഡി റോബർട്ട് ജെ രവി അടക്കമുള്ള ഉന്നതരാണ് പാർലമെൻററി സമിതി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. 4ജി, 5ജി രംഗത്ത് ബിഎസ്എൻഎല്ലിൻറെ ചുവടുവെപ്പുകളെ കുറിച്ചായിരുന്നു പ്രധാന ചർച്ച.

Also Read: വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഒരുഘട്ടത്തിൽ ടെലികോം വിപണി കയ്യടക്കിയിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ വെറും ഏഴ് ശതമാനത്തിന് അടുത്ത് മാത്രം മാർക്കറ്റ് ഷെയറുള്ള കമ്പനിയായി ചുരുങ്ങിയതിൽ എംപിമാർ ആശങ്ക അറിയിച്ചു. ബിഎസ്എൻഎൽ പിന്നോട്ടുപോയപ്പോൾ സ്വകാര്യ ടെലികോം സേവനദാതാക്കൾ വിപണിയിൽ പിടിമുറുക്കുകയായിരുന്നു. ആറ് മാസം കൊണ്ട് ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലെത്തുകയാണ് ഇനി ബിഎസ്എൻഎല്ലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

Top