മൂന്ന് തവണ ഐ.പിഎൽ ചാമ്പ്യനും മുൻ ഇന്ത്യൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ ബാറ്ററുമായ പാർത്ഥീവ് പട്ടേലിന് ഇനി പുതിയ ജോലി. മുൻ ഐ.പി.എൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് അസിസ്റ്റന്റ് കോച്ച് ബാറ്റിങ് കോച്ച് എന്നീ സ്ഥാനങ്ങളിലേക്ക് പട്ടേലിനെ നിയമിച്ചു. അടുത്ത സീസണിലേക്കാണ് ഈ സൂപ്പർ താരത്തെ നിയമിച്ചത്.
അഞ്ച് കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസിനായും ചെന്നൈ സൂപ്പർ കിങ്സിനായും താരം കളിച്ചിട്ടുണ്ട്. മൂന്നോ അതിൽ കൂടുതലോ ഐ.പി.എൽ ടീമുകൾക്കായി കളിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പാർത്ഥീവ് പട്ടേൽ. ഐ.പി.എല്ലിൽ നിന്നും വിരമിച്ചതിന് ശേഷം മുംബൈ ഇന്ത്യൻസിന്‍റെ ടാലെന്‍റ് സ്കൗട്ടിലായിരുന്നു താരം. ഇനി ഗുജറാത്തിലെത്തുമ്പോൾ രണ്ട് ഉത്തരവാദിത്തങ്ങളാണ് താരത്തിന് മുകളിലുള്ളത്. ഹെഡ് കോച്ച് ആഷിഷ് നെഹ്റയുടെ അസിസ്റ്റന്‍റ് കോച്ചാകുന്നതിനൊപ്പം ടീമിന്‍റെ ബാറ്റിങ് കോച്ചും പാർത്ഥീവ് പട്ടേലായിരിക്കും. 17 വർഷത്തെ ക്രിക്കറ്റ് കരിയറിലെ പാർത്ഥീവിന്‍റെ അറിവ് ടീമിന് ഉപകാരപ്പെടുമെന്ന് ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ട സ്റ്റേറ്റ്മെന്‍റിൽ പറയുന്നു.
Also Read: തിരിച്ചു വരവിനൊരുങ്ങി മുഹമ്മദ് ഷമി
വിക്കറ്റിന് പിറകിൽ നിന്നും 69 കോച്ചും 16 സ്റ്റമ്പിങ്ങുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. ഐ.പി.എൽ ക്രിക്കറ്റിൽ 139 മത്സരത്തിൽ കളത്തിലിറങ്ങിയ താരം 2848 റൺസ് നേടിയിട്ടുണ്ട്. അതേസമയം 2022ൽ ഐ.പി.എൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് അവരുടെ അടുത്ത സീസൺ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ്.