കണ്ണൂര്‍: ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. മനു ഇപ്പോള്‍ സത്യത്തിന്റെ പാതയിലാണ്, പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യപ്പെട്ടാല്‍ പരിഗണിക്കുമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. പി ജയരാജന്റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സര്‍ക്കിളാണ് കണ്ണൂര്‍ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാര്‍ട്ടിന്‍ ആരോപിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിലടക്കം നടന്നിട്ടുള്ള സ്വര്‍ണ്ണക്കടത്തില്‍ ഇവരുടെ ഒരു നെറ്റ് വര്‍ക്ക് ഭാഗമായിട്ടുണ്ട്. മനുവിന് ഇവയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. മനു തോമസ് ഇപ്പോള്‍ നീതിയുടെ പക്ഷത്താണ്. അതുകൊണ്ടാണ് സുഹൈബ് അടക്കമുള്ളവര്‍ക്കെതിരെ രംഗത്ത് വന്നത്. സിപിഎമ്മിനെതിരെയുള്ള മനു തോമസിന്റേതുള്‍പ്പടെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. സിപിഎമ്മിന്റെ മാഫിയ ബന്ധം സിബിഐ പോലുള്ള ഏജന്‍സി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്ന് ആരോപിച്ച മനു തോമസിനെ സിപിഎം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സിപിഎമ്മിനെതിരെ ?ഗുരുതര വെളിപ്പെടുത്തലാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് ഉന്നയിച്ചത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി നേതൃത്വത്തിലെ ചിലര്‍ക്ക് അവിശുദ്ധ ബന്ധമുണ്ട്. ക്വട്ടേഷന്‍ സംഘത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. ഇതിനോട് സമരസപ്പെട്ടാല്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവൂ എന്ന സ്ഥിതിയാണുള്ളതെന്നുമായിരുന്നു മനുവിന്റെ ആരോപണം.
അതേസമയം സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി പി ജയരാജന്‍ രംഗത്തെത്തി. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും ജയരാജന്‍ ചോദിച്ചു. പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാല്‍ കൂട്ടുനില്‍ക്കാനാവില്ല. ഒരു പത്രത്തില്‍ നടത്തിയ പരാമര്‍ശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാന്‍ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.