ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി

ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി
ബിഎസ്പി നേതാവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി

ചെന്നൈ: തമിഴ്‌നാട് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി. പോസ്റ്റുമാര്‍ട്ടം നടക്കുന്ന ആശുപത്രിക്ക് മുന്നില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

അതേസമയം ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഗുണ്ട നേതാവ് ആര്‍കോട് സുരേഷിന്റെ സഹോദരന്‍ അടക്കമുള്ളവരാണ് പിടിയിലായത്. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് വിവരം.

ഇന്നലെ രാത്രി ഏഴോടെ ചെന്നൈയിലാണ് 48കാരനായ ബിഎസ്പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നത്. പെരമ്പലൂരിലുള്ള വസതിയില്‍ ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേര്‍ ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുന്‍ ചെന്നൈ കോര്‍പറേഷന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ് തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായിരുന്നു ആംസ്‌ട്രോങ് എന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മായാവതി പ്രതികരിച്ചു.

Top