CMDRF

ട്രെയിനിനുള്ളില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം; യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ട്രെയിനിനുള്ളില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം; യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ട്രെയിനിനുള്ളില്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം; യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: ട്രെയിനിനുള്ളില്‍ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ട്രെയിന്‍ ഏറ്റുമാനൂരില്‍ എത്തിയപ്പോഴാണ് ഏഴാം നമ്പര്‍ ബോഗിയില്‍ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാര്‍ത്തിക്കിന് (21) പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍- മധുര എക്സ്പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ഇന്നുരാവിലെ ഒന്‍പതര മണിയോടെയാണ് സംഭവം ഉണ്ടായത്.

തുടര്‍ന്ന് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതിനുശേഷം ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീല്‍ ചെയ്തതിനുശേഷമാണ് യാത്ര തുടര്‍ന്നത്. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

കാര്‍ത്തിക്കിനെ പാമ്പ് തന്നെയാണോ കടിച്ചതെന്ന സംശയത്തിലാണ് റെയില്‍വേ പൊലീസ്. എലിയാകാം കടിച്ചതെന്നും പൊലീസ് സംശയിക്കുന്നു. പരിശോധനകള്‍ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. കാത്തിക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഗുരുവായൂര്‍ യാര്‍ഡില്‍ ഏറെ നേരം നിര്‍ത്തിയിടുന്ന ട്രെയിന്‍ ആണിത്. ട്രെയിനിനുള്ളില്‍ എലി ശല്യം ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Top