തായ് എയർവേയ്സ് വിമാനത്തിലെ എയർ കണ്ടീഷണർ സംവിധാനം തകരാറിലായതോടെ കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ. തായ് എയർവേയ്സിൻറെ റ്റി ജി 917 വിമാനത്തിലാണ് സംഭവം. എയർ കണ്ടീഷണർ തകരാറിലായതോടെ വിമാനം രണ്ടു മണിക്കൂർ നിർത്തിയിട്ടു. ഇതോടെ യാത്രക്കാർ ചൂടേറ്റ് തളർന്നു. ജൂലൈ 25നാണ് ബോയിങ് 777 വിമാനത്തിലെ എസി തകരാറിലായത്. കൊടുംചൂടിൽ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ലണ്ടനിൽ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനം പിന്നീട് റദ്ദാക്കുകയായിരുന്നു. ക്രൂ അംഗങ്ങൾ എസി സംവിധാനത്തിൻറെ തകരാർ പരിശോധിക്കുമ്പോൾ പുറത്തിറങ്ങാനാകാതെ യാത്രക്കാർ വിമാനത്തിനുള്ളിലിരിക്കുകയായിരുന്നു. താപനില വളരെ കൂടുതലായിരുന്നെന്നും യാത്രക്കാർ അമിതമായി വിയർക്കാൻ തുടങ്ങിയെന്നും ഇതിലൊരാൾക്ക് പാനിക് അറ്റാക്ക് ഉണ്ടായെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പറഞ്ഞു.
ഈ സമയം ഭക്ഷണമോ വെള്ളമോ യാത്രക്കാർക്ക് നൽകിയില്ല. രണ്ട് മണിക്കൂറിന് ശേഷം ക്രൂ അംഗം വിമാനത്തിൻറെ വാതിൽ തുറന്നു. കൊടുംചൂടിൽ മണിക്കൂറുകൾ വിമാനത്തിൽ ഇരുന്ന യാത്രക്കാരോട് രാത്രി 11 മണിയോടെ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വിമാനം പിറ്റേ ദിവസത്തേക്ക് റീ ഷെഡ്യൂൾ ചെയ്തു. എയർലൈൻറെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഉണ്ടായില്ലെന്നും താമസസൗകര്യത്തിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും യാത്രക്കാർ പരാതിപ്പെട്ടു. പിറ്റേ ദിവസം വീണ്ടും വിമാനത്തിൽ കയറിയപ്പോഴും എഞ്ചിൻ സ്റ്റാർട്ട് ആകാത്തതിനാൽ കാത്തിരിക്കേണ്ടി വന്നെന്നും ഈ സംഭവം ചൂണ്ടിക്കാട്ടി തായ് എയർവേയ്സിന് മെയിൽ അയച്ചതായും യാത്രക്കാരൻ പറയുന്നു. നഷ്ടപരിഹാരമായി പണമോ ഡിസ്കൗണ്ട് വൗച്ചറോ നൽകാമെന്നായിരുന്നു ലഭിച്ച മറുപടി.