കഴക്കൂട്ടം: വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് നേതൃത്വം നല്‍കിയ തുമ്പ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സില്‍ അസീസിനെതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തു. കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത ഇയാളുടെ നേതൃത്വത്തിലാണ് വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട് കൈവശപ്പെടുത്താന്‍ അവസരമൊരുങ്ങിയത്. ഇയാളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജരേഖകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും തയാറാക്കിയ തിരുവനന്തപുരം മണക്കാട് സ്വദേശി ക മലേഷ്, ഇടനിലക്കാരനായ മണ്‍വിള സ്വദേശി പ്രശാന്ത് എന്നിവരെ ഞായറാഴ്ച അറസ്റ്റു ചെയ്തു.
ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. മുകുന്ദപുരം പുത്തേടത്ത് കിഴക്കേത്തറ സ്വദേശി സഫറുല്ല ഖാന്‍ (54), കൊല്ലം ഉമയനല്ലൂര്‍ അല്‍ത്താഫ്മന്‍സിലില്‍ ബദറുദ്ദീന്‍ (65), മണ്ണന്തല സ്വദേശി എഡ്വവേഡ്, വര്‍ക്കല സ്വദേശി സുനില്‍കുമാര്‍ എന്നിവരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.പി.ഒയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടോ എന്നും മനുഷ്യകടത്തുമായി സംഘത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരുന്നുണ്ട്.