പത്തനംതിട്ട കാർ അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഹാഷിമിൻ്റെ പിതാവ്. ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു. ഒരു ഫോൺ കോൾ വന്ന ശേഷം ഉടനെ വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നു ഹാഷിം. കാറിൽ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്ന് ഹക്കിം പറഞ്ഞു.
അമിത വേഗതയിലായിരുന്നു കാറെന്നും ഓടിക്കൊണ്ടിരിക്കെ അനുജ ഇരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറന്നെന്നുമാണ് അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. അപകടത്തിന് മുമ്പ് കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.
കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളില്‍ മര്‍ദ്ദനം നടന്നോയെന്ന് സംശയമുണ്ടെന്നും ശങ്കര്‍ പറഞ്ഞു. കാറില്‍ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങി നില്‍ക്കുന്നത് താന്‍ കണ്ടുവെന്നും ശങ്കര്‍ പറയുന്നുണ്ട്. അതേസമയം കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശിയായ റംസാന്‍ പറഞ്ഞത്. ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും റംസാന്‍ പറഞ്ഞു. ഈ വാദം നിഷേധിച്ച് ഹാഷിമിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.