ദുബായ്: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ 210 രോഗികളെ ഗാസയിൽ നിന്ന് യുഎഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി ചേർന്നാണ് യുഎഇ രോഗികളെ കൊണ്ടുവരുന്ന നടപടി പൂർത്തീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 86 പേർ ഉൾപ്പെടെ 210 രോഗികളെയാണ് യു.എ.ഇയിലെത്തിച്ചത്. അബുദാബി വിമാനത്താവളത്തിൽ ഇറങ്ങിയ രോഗികളെയും വിദഗ്ധ ചികിത്സക്കായി യുഎഇയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗാസയിൽ നിന്ന് വരുന്ന 22ാമത്തെ സംഘമാണിത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റവരെയും അർബുദ ബാധിതർ ഉൾപ്പെടെയുള്ള രോഗികളേയും സഹായിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് രോഗികളെ എത്തിക്കുന്ന മാനുഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റ 1000ലധികം കുട്ടികളും 1000 അർബുദ ബാധിതരും യു.എ.ഇയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
Also Read: സീസണൽ വിസകൾക്ക് നിയന്ത്രണം
ഗാസയിൽ നിന്ന് രോഗികളും കുടുംബങ്ങളുമടക്കം 2127 പേരെയാണ് യു.എ.ഇയിലെത്തിച്ചത്. യു.എ.ഇയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ശക്തമായ സഹകരണമാണ് പുതിയ സംരംഭത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വികസനകാര്യ അസിസ്റ്റന്റ് മന്ത്രി സുൽത്താൻ മുഹമ്മദ് അൽശംസി പറഞ്ഞു.