കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായ ‘പട്ടാഭിരാമൻ’ എന്ന ചിത്രം തമിഴ്നാട്ടിൽ ശ്രദ്ധനേടുന്നു. ചിത്രം റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷമാണ് പട്ടാഭിരാമനെ തമിഴ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. യൂട്യൂബിൽ അപ്‍ലോഡ് ചെയ്ത സിനിമയുടെ തമിഴ് പതിപ്പ് ഇതുവരെ കണ്ടത് 10 ലക്ഷത്തിനു മുകളിൽ പേരാണ്. ചിത്രത്തെയും ജയറാമിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോക്ക് താഴെ കമൻറ് ചെയ്യുന്നത്.
ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, നന്ദു, സായികുമാർ, മഹീന്ദ്രൻ, മിയ, ഷീലു അബ്രഹാം, ഷംന കാസിം, ലെന, പ്രജോദ് കലാഭവൻ, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയിൽ പ്രതികരണമറിയിച്ച് നടൻ ധർമജൻ ബോൾഗാട്ടിയും രംഗത്തെത്തി. ‘പട്ടാഭിരാമൻ എന്ന മലയാള സിനിമ ഒരു നല്ല കഥയായിരുന്നു സമൂഹത്തിൽ വെളിപ്പെടുത്തേണ്ട ഒരു കഥയായിരുന്നു തിരക്കഥാകൃത്ത് ദിനേശേട്ടൻ രചിച്ചത് അത് വളരെ ഭംഗിയായി കണ്ണൻ താമരക്കുളം അഭ്രപാളികളിൽ എത്തിക്കുകയും ചെയ്തു’.
‘ഞാൻ അതിൽ വെറുമൊരു ചെറിയ അഭിനേതാവാണ്. ജയറാമേട്ടനാണ് അതിലെ നായകൻ. നമ്മുടെ മലയാളികൾ സമൂഹം അതികം കാണാതെ പോയ സിനിമയാണ് കേണേണ്ട സിനിമയായിരുന്നു. പക്ഷെ അത് നാളുകൾക്ക് ശേഷം തമിഴ് ജനത ഏറ്റെടുത്ത് അവിടെ വലിയ സംഭവമാക്കി തീർത്തു അതിൽ വലിയ സന്തോഷമുണ്ട്. മലയാളികൾ ഇന്നെങ്കിലും ഈ സിനിമ ടീവിയിൽ വന്നാലെങ്കിലും കണ്ടിട്ട് അഭിപ്രായങ്ങൾ അറിയിക്കണമെന്നും ധർമജൻ പറഞ്ഞു. പട്ടാഭിരാമന്റെ ഫുൾ ടീമിന് ആശംസകളും നേർന്നുകൊണ്ടാണ് ധർമജൻ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
.