വെള്ളം ഇറങ്ങാതെ പട്ടാമ്പി പാലം; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വെള്ളം ഇറങ്ങാതെ പട്ടാമ്പി പാലം; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
വെള്ളം ഇറങ്ങാതെ പട്ടാമ്പി പാലം; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

പാലക്കാട്: മഴക്ക് ശമനമുണ്ടായെങ്കിലും പട്ടാമ്പി പാലത്തില്‍ നിന്നും വെള്ളം ഇറങ്ങുന്നില്ല. അതേസമയം പട്ടാമ്പി ടൗണിലേക്ക് കയറിയ വെള്ളം ഇറങ്ങി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് ജില്ലയില്‍ തുറന്നതെന്ന് കളക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് മണ്ണില്‍ വെള്ളത്തിന്റെ സാച്ചുറേഷന്‍ കൂടുതലായതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത നില്‍ക്കുന്നുവെന്ന് മുന്നറിയിപ്പുണ്ട്.

ആലത്തൂര്‍, നെല്ലിയാമ്പതി മേഖലകളില്‍ ചെറിയ തോതില്‍ പലയിടത്തും ഉരുള്‍ പൊട്ടിയിരുന്നുവെന്ന് കളക്ടര്‍ അറിയിച്ചു. നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി സങ്കേതത്തിലെ ദുരിതബാധിതരെ എല്ലാവരെയും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെയും ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാരുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെല്ലിയാമ്പതിയിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പോളച്ചിറ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നെല്ലിയാമ്പതിയിലേക്കുള്ള റോഡ് കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത യോഗ്യമല്ല. പാലക്കാട് എത്തിയ എന്‍ ഡി ആര്‍ എഫ് ടീമും റവന്യൂ, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മീങ്കര ഡാം, പോത്തുണ്ടി ഡാം എന്നിവ തുറന്നിട്ടുള്ളതിനാല്‍ ഗായത്രി പുഴയിലും ഭാരതപ്പുഴയിലും വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയില്‍ എവിടെയെങ്കിലും ഉരുള്‍പൊട്ടിയാല്‍ പെട്ടെന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ പാലങ്ങളുടെയും കോസ്-വേകളുടെയും അടുത്ത സുരക്ഷിതമെന്നു തോന്നുന്ന സ്ഥലങ്ങളില്‍ പോലും നിന്ന് ഫോട്ടോകളും റീലുകളും എടുക്കരുതെന്ന് മുന്നറിയിപ്പുണ്ട്. പെട്ടെന്ന് മലവെള്ളം വന്ന് വെള്ളം പൊങ്ങിയാല്‍ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സീതാര്‍ ഗുണ്ട്, വെള്ളരിമേട്, കുരുതിച്ചാല്‍ തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലും ഇതേ സാധ്യതയുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

അവധി നല്‍കിയെങ്കിലും കുട്ടികള്‍ സുരക്ഷിതരായി വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. മലമ്പുഴ ഡാം തുറന്നു എന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഡാമുകള്‍ തുറക്കുന്നതും ആയിട്ട് ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും കൃത്യസമയത്ത് തന്നെ പത്രമാധ്യമങ്ങളിലും ജില്ലാ കളക്ടറുടെ സോഷ്യല്‍ മീഡിയ പേജുകളിലും നല്‍കുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ആശങ്ക പരത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. എല്ലാ ക്യാമ്പുകളിലും ജനപ്രതിനിധികളുടെയും പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ആലത്തൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എംഎല്‍എ കെ ഡി പ്രസേനനോടൊപ്പം കളക്ടര്‍ സന്ദര്‍ശിച്ചു.

Top