ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. ‘പവൻ’ എന്ന ചീറ്റ ചത്തതായി അധികൃതർ അറിയിച്ചു. അഞ്ച്മാസം പ്രായമുള്ള ഗമിനി എന്ന ചീറ്റ ചത്തതിന് പിന്നാലെയാണ് കുനോയിൽ വീണ്ടും ചീറ്റയുടെ മരണം. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേഷൻ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) ഓഫീസും ലയൺ പ്രൊജക്റ്റ് ഡയറക്ടറുമായ ഉത്തം ശർമ്മയാണ് ചീറ്റയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുനോ നാഷണൽ പാർക്കിലെ ആൺ ചീറ്റയാണ് പവൻ. പവൻ്റെ മരണത്തെ തുടർന്ന് കുനോ നാഷണൽ പാർക്കിൽ ഇനി 24 ചീറ്റകളാണ് ഉള്ളത്. അതിൽ 12 മുതിർന്ന ചീറ്റകളും 12കുഞ്ഞുങ്ങളുമാണ് ഉള്ളത്.
Alaso read: ഛത്രപതി ശിവജിയുടെ പ്രതിമ നിലംപതിച്ചു
ചൊവ്വാഴ്ച രാവിലെ 10:30 ഓടെ കുറ്റിക്കാടുകൾക്കിടയിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ചീറ്റയെ കണ്ടതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ അറിയിച്ചു. മൃഗഡോക്ടർ വിശദമായി പരിശോധിച്ചപ്പോൾ ചീറ്റയുടെ ശരീരത്തിൻ്റെ മുൻഭാഗവും തലയുൾപ്പെടെയുള്ള ഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നതായി കണ്ടെത്തി. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ല. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.