പവൻ രാഷ്ട്രീയത്തിലും പവർസ്റ്റാറയത് ദളപതിയ്ക്കും വഴികാട്ടി, തമിഴകത്തും ഭരണമാറ്റത്തിനായി ടി.വി.കെ നീക്കം !

പവൻ രാഷ്ട്രീയത്തിലും പവർസ്റ്റാറയത് ദളപതിയ്ക്കും വഴികാട്ടി, തമിഴകത്തും ഭരണമാറ്റത്തിനായി ടി.വി.കെ നീക്കം !
പവൻ രാഷ്ട്രീയത്തിലും പവർസ്റ്റാറയത് ദളപതിയ്ക്കും വഴികാട്ടി, തമിഴകത്തും ഭരണമാറ്റത്തിനായി ടി.വി.കെ നീക്കം !

തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ രാഷ്ട്രീയത്തിലും സൂപ്പർസ്റ്റാർ ആയത് അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തെയും ഇനി മാറ്റിമറിക്കും. പവൻ കല്യാണിൻ്റെ പാർട്ടി ജനസേനയുമായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു കൂട്ട് കെട്ടുണ്ടാക്കിയതാണ് വൈഎസ്ആർ കോൺഗ്രസ്സിൻ്റെ ദയനീയ തോൽവിക്ക് കാരണമായിരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് തമിഴ് സൂപ്പർ താരം ദളപതി വിജയ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.

സ്വന്തം പാർട്ടി രൂപീകരിച്ച് ടിഡിപിയുമായി സഖ്യമായി മത്സരിച്ചാണ് പവൻ കല്യാൺ ആന്ധ്ര തൂത്തുവാരിയതെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ച് തമിഴകം പിടിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഇതിനു വേണ്ടിയുള്ള നീക്കം ദളപതിയുടെ പാർട്ടിയായ ടിവികെയുടെ നേതൃത്വത്തിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും വൻ റാലികളും സംസ്ഥാന വ്യാപകമായുള്ള പര്യടനവുമാണ് ദളപതിയുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്.

2026-ൽ ആണ് തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഭരണത്തിലുള്ള ഡിഎംകെ സഖ്യം ലോകസഭ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് നടത്തിയിരുന്നത്. ഒറ്റ സീറ്റുപോലും നേടാനാകാതെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയും ബിജെപിയും തമിഴകത്ത് തകർന്നടിഞ്ഞിരിക്കുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിൽ ബിജെപിക്ക് പ്രസക്തി ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ പര്യടനങ്ങൾ പോലും ഒരു ഗുണവും ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

നിലവിൽ തമിഴ്നാട്ടിൽ ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഈ അനുകൂല സാഹചര്യം മുതലാക്കാൻ തന്നെയാണ് ദളപതിയുടെ തീരുമാനം. വിജയ് നേതൃത്വം നൽകുന്ന ടിവികെ കളത്തിൽ ഇറങ്ങുന്നതോടെ മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും കൂട്ടത്തോടെ അണികളും നേതാക്കളും ടിവികെയിലേക്ക് ഒഴുകാനാണ് സാധ്യത.

തമിഴകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആരാധിക്കുന്ന താരമായതിനാൽ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ നീക്കങ്ങളെ ആകാംക്ഷയോടെയാണ് ഡിഎംകെ നേതൃത്വം നോക്കി കാണുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനു പകരം ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന തിരഞ്ഞെടുപ്പായതിനാൽ ഡിഎംകെയ്ക്കു മുന്നിലെ വെല്ലുവിളികളും വലുതാണ്.

സിനിമയിൽ സൂപ്പർതാരമായി വന്ന് തമിഴ്നാട് ഭരണം പിടിച്ച എം.ജി രാമചന്ദ്രൻ്റെ ചരിത്രമുള്ള മണ്ണാണ് തമിഴകം. എം.ജി.ആറിൻ്റെ പിൻഗാമിയായി വന്ന ജയലളിതയും സിനിമാ രംഗത്ത് നിന്നും വന്നാണ് തമിഴകത്തിൻ്റെ മനം കവർന്നിരുന്നത്. ജയലളിതയും നിരവധി തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്. ജയലളിതയുടെ മരണം സൃഷ്ടിച്ച വിടവാണ് അവരുടെ പാർട്ടിയായ അണ്ണാ ഡിഎംകെയെ ശിഥിലമാക്കിയിരിക്കുന്നത്.

അണ്ണാ ഡിഎംകെ അണികളും അനുഭാവികളും ആഗ്രഹിക്കുന്നതും ശക്തമായ ഒരു ബദലാണ്. ഈ സാഹചര്യം കൂടി ദളപതിയ്ക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ തമിഴകത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രമാണ് മാറുക.

തമിഴ്നാട്ടിലെ ഓരോ ജില്ലയിലും ലക്ഷക്കണക്കിന് ആരാധകർ ദളപതിക്കുണ്ട്. ഇതിൽ ചെറുപ്പക്കാരും യുവതികളും മുതൽ കൊച്ചു കുട്ടികൾ വരെയുണ്ട്. പ്രായമായവർക്കിടയിൽ പോലും വലിയ സ്വീകാര്യതയാണ് ഈ താരത്തിനുള്ളത്. ‘വിജയ് മക്കൾ ഇയക്കം’ എന്ന അദ്ദേഹത്തിൻ്റെ ആരാധക സംഘടനയ്ക്ക് ഉൾനാടൻ ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ ശക്തമായ സംഘടന സംവിധാനം ഉള്ളതിനാൽ ഈ കരുത്ത് ടിവികെയിലേക്ക് മാറുന്നത് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാകും.

മാത്രമല്ല, വിജയ് തമിഴ്നാട്ടിൽ പ്രചരണം നടത്തുമ്പോൾ ഉണ്ടാകുന്ന ജനങ്ങളുടെ ഒഴുക്ക് ഒരു തംംഗമായി പടരാനുള്ള സാധ്യതയും ഡിഎംകെ നേതൃത്വം മുന്നിൽ കാണുന്നുണ്ട്. ദളപതിയെ പ്രതിരോധിക്കാൻ നടൻ കമൽഹാസനെ ഒപ്പം നിർത്താനാണ് ഡിഎംകെ തീരുമാനിച്ചിരിക്കുന്നത്. രാജ്യസഭ അംഗത്വം കമലിന് വാഗ്ദാനം ചെയ്തതും ഇതിൻ്റെ ഭാഗമാണ്. എന്നാൽ ദളപതിയുടെ ആരാധക കരുത്തിന് മുന്നിൽ കമൽഹാസൻ ഒന്നുമല്ലാത്തതിനാൽ ഈ ശ്രമം വേണ്ടത്ര ഗുണം ചെയ്യില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ദളപതിയുടെ ടിവികെയിലേക്ക് സിനിമാ രംഗത്ത് നിന്നും മറ്റു ചില പ്രമുഖർ കൂടി കടന്നുവരാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. പവൻ കല്യാൺ ആന്ധ്രയിൽ ഉണ്ടാക്കിയ ഇംപാക്ട് തമിഴ്നാട്ടിലെ താരങ്ങളെയും സ്വാധീനിച്ചിട്ടുള്ളതിനാൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുന്നതല്ല.

EXPRESS KERALA VIEW

Top