ശ്രീനഗര്‍: തൻ്റെ പാർട്ടി പ്രവര്‍ത്തകരെയും പോളിങ് ഏജൻ്റുമാരെയും കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി കുത്തിയിരിപ്പ് സമരം നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് പ്രതിഷേധം നടന്നത്. പൊലീസ് സ്റ്റേഷന് പുറത്തായിരുന്നു മെഹബൂബയുടെ സമരം.
‘രാവിലെ മുതല്‍ എനിക്ക് ഫോണ്‍ കോളുകളൊന്നും ചെയ്യാന്‍ പറ്റുന്നില്ല. അന്വേഷിച്ചപ്പോള്‍ ഒരു വിശദീകരണവും കിട്ടിയില്ല,’ മെഹബൂബ മുഫ്തി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരെ തെരെഞ്ഞെടുപ്പിനു മുന്‍പ് അറസ്റ്റ് ചെയ്തതായി കാണിച്ച് വെള്ളിയാഴ്ച തെരെഞ്ഞെടുപ്പ് കമ്മീഷന് മെഹബൂബ മുഫ്തി പരാതി നല്‍കിയിരുന്നു. വോട്ടിങ്ങിന് തൊട്ടുമുമ്പ് പി.ഡി.പി പോളിങ് ഏജൻ്റുമാരെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റടിയിലെടുത്തു. പൊലീസ് സ്റ്റേഷനുകളില്‍ ചെന്നപ്പോള്‍ തൃപ്തികരമായ ഉത്തരമല്ല തങ്ങള്‍ക്ക് ലഭിച്ചതെന്നും മെഹബൂബ എക്‌സില്‍ പങ്കുവച്ചു.