വാഷിങ്ടൻ ഡി.സി: ഇസ്രയേൽ കര യുദ്ധം ആരംഭിച്ചു കഴിഞ്ഞു, കൂടുതൽ രാജ്യങ്ങൾ ആക്രമണത്തിൽ പങ്കെടുക്കാനുള്ള സാധ്യത നിലനിൽക്കെ അമേരിക്കയും തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശങ്ങളിൽ അമേരിക്കൻ പിന്തുണയുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ പ്രസ്താവിച്ചു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്ന പക്ഷം, ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ആസ്റ്റിൻ മുന്നറിയിപ്പ് നൽകി.
‘ഒക്ടോബർ ഏഴിന് സമാനമായ മറ്റൊരു ആക്രമണം നടക്കാതിരിക്കാനും വടക്കൻ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുല്ലയുടെ ആക്രമണോപാധികൾ തകർക്കേണ്ടത് ആവശ്യകതയാണ്. അതേസമയം, അതിർത്തിക്കിരുവശവുമുള്ള സിവിലിയൻമാർക്ക് സുരക്ഷിതമായി മടങ്ങാനുള്ള നയതന്ത്ര പരിഹാരവും ആവശ്യമാണ്.
Also Read: ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ; ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം
ഇറാനിൽ നിന്നും ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും അമേരിക്കൻ പൗരന്മാർക്കും പങ്കാളികൾക്കും സഖ്യകക്ഷികൾക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ പ്രതിരോധിക്കാൻ അമേരിക്ക തയാറാണ്. ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആവർത്തിച്ച് പറയുകയാണ്’ -ലോയ്ഡ് ആസ്റ്റിൻ പറഞ്ഞു.
വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ ലബനാനിൽ കരയുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിന് ആദ്യം മുതൽക്കേ പിന്തുണയുമായി അമേരിക്ക രംഗത്തുണ്ട്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്.
ലബനീസ് അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്രയേൽ ടാങ്കുകളും പ്രവേശിച്ചിട്ടുണ്ട്. കരയുദ്ധത്തിന്റെ സൂചന നൽകി കഴിഞ്ഞ ദിവസങ്ങളിൽ ലബനാൻ അതിർത്തിയിൽ ഇസ്രയേൽ സൈനിക വിന്യാസം നടത്തിയിരുന്നു. കരയുദ്ധം ഉടൻ ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവർത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാൻ മേഖലയിലേക്ക് പ്രവേശിച്ചത്.