തിരുവനന്തപുരം: എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, സംവിധായകൻ രഞ്ജിത്തിന്‍റെയും നടൻ സിദ്ദിഖിന്‍റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അനിവാര്യമായ രാജികളെന്നാണ് ആഷിഖിന്‍റെ പ്രതികരണം. സിനിമാ മേഖലയിൽ ഇത്രയും കാലം നിശബ്ദതയായിരുന്നു. ആരോപണം നേരിടുന്ന സംഘത്തിൽ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും. സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നീതികരിക്കാനാവില്ല. ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തെ താറടിക്കുന്നതല്ലെന്നും ആഷിഖ് അബു വ്യക്തമാക്കി.
ഇപ്പോൾ കുറച്ച് സ്ത്രീകളാണ് സംഘം ചേർന്ന് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. ക്രിമിനലുകളായ ആളുകൾ ഈ മേഖലയിലുണ്ട്. അവർ സൈക്കോപാത്തുകളാണ്. ഒരു ശുദ്ധീകരണമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാരിന്‍റെ ഭാഗത്തു നിന്ന് നടപടികൾ പ്രതീക്ഷിച്ചിരുന്നു. സാങ്കേതികത്വം പറഞ്ഞ് നടപടി എടുക്കാതിരിക്കുന്നത് നീതികേടാണ്. അതിലെ വിമർശനങ്ങളാണ് പുറത്തുവന്നത്. അല്ലാതെ ഇടതുപക്ഷത്തിന് എതിരായ നീക്കമല്ല ഇപ്പോഴത്തേതെന്നും ആഷിഖ് അബു പ്രതികരിച്ചു.
Also Read: സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങും: ബിനോയ് വിശ്വം
ലൈംഗിക ഉദ്ദേശത്തോടെ അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിനെ തുടർന്നാണ് രഞ്ജിത്തിന്‍റെ രാജി. സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ അടക്കം അഭിപ്രായം ഉയർന്നിരുന്നു. പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് രഞ്ജിത്തിന്റെ പടിയിറക്കം. എതിർപ്പ് അതിശക്തമായതോടെയാണ് സർക്കാറും സിപിഎമ്മും രഞ്ജിത്തിനെ കൈവിട്ടത്. പ്രതിപക്ഷം കടുപ്പിച്ചതിനൊപ്പം സിപിഐ രാജിയാവശ്യപ്പെട്ടതും എഐവൈഎഫ് പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചതുമെല്ലാം സർക്കാറിനെ വെട്ടിലാക്കി.
യുവ നടി ഉന്നയിച്ച പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖും രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു കത്തിലുള്ളത്.