കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍. ഡാം ഡീകമ്മീഷന്‍ അപ്രായോഗികമാണെന്നും ജലവിതാനം നിലനിര്‍ത്തികൊണ്ട് ഡാമിനെ ഇല്ലാതാക്കാതെ പുതിയ ഡാമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അപ്രായോഗികമാണെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. തമിഴ്നാടിന്റെ എതിര്‍പ്പിനെ മറികടന്ന് സുപ്രീം കോടതിയോ കേന്ദ്ര സര്‍ക്കാരോ ഡാമിനെ ഡീകമ്മീഷന്‍ ചെയ്താല്‍ തമിഴ്നാടിന്റെ ഒരു പ്രദേശം മുഴുവന്‍ മരുഭൂമിയായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജനങ്ങളുടെ ആശങ്ക ന്യായമാണ്. ജലവിതാനം നിലനിര്‍ത്തികൊണ്ട് ഡാമിനെ ഇല്ലാതാക്കാതെ പുതിയ ഡാമുണ്ടാക്കാന്‍ സാധിക്കും. സാങ്കേതികമായി ഇതിന് യാതൊരു ബുദ്ധിമുട്ടുമില്ല. തമിഴ്നാടിന്റെ എതിര്‍പ്പിനെ മറികടന്ന് സുപ്രീം കോടതിയോ കേന്ദ്ര സര്‍ക്കാരോ ഡാമിനെ ഡീകമ്മീഷന്‍ ചെയ്താല്‍ തമിഴ്നാടിന്റെ ഒരു പ്രദേശം മുഴുവന്‍ മരുഭൂമിയായിപ്പോകും. അത് അനുവദിക്കുന്ന പ്രശ്നമില്ല, സുപ്രീം കോടതിയോ കേന്ദ്ര സര്‍ക്കാരോ അത് അംഗീകരിക്കില്ല. അതുകൊണ്ട് ഡാം ഡീകമ്മീഷന്‍ അപ്രായോഗികമാണ്, അസാധ്യമാണ്.
130 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാം വര്‍ഷങ്ങളോളം നിലനിര്‍ത്തുന്നത് അപ്രായോഗികമാണ് അതില്‍ അപകടമുണ്ടെന്നതില്‍ സംശയമില്ല. കേന്ദ്ര ഡാം സേഫ്റ്റി അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം. 2018ലെ പ്രളയത്തിന് ശേഷം കേന്ദ്ര ജല കമ്മീഷന്‍ ജലനിരപ്പ് ഉറപ്പിച്ചു. അതാണ് റൂള്‍ കേര്‍വ്. ഇത് പ്രകാരം ഇപ്പോള്‍ സുപ്രീം കോടതി അനുവദിച്ചതിലും ജലനിരപ്പ് താഴ്ത്തി. റൂള്‍ കേര്‍വ് പ്രകാരമാണ് തമിഴ്നാട് മുല്ലപ്പെരിയാറിലും വെള്ളം നിലനിര്‍ത്തുന്നത്. ജലനിരപ്പ് ഒരു പരിധി വരെ നിയന്ത്രിച്ച് കൊണ്ട് തമിഴ്നാട്ടിന് വെള്ളം തുടര്‍ച്ചയായി കൊടുത്തു കൊണ്ട് പുതിയ ഡാമുണ്ടാക്കാന്‍ സാധിക്കും. അങ്ങനൊരു പരിഹാരമല്ലാതെ ഇതിന് മറ്റൊരു പരിഹാരവുമില്ല,’ അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി നിയോഗിച്ച ഒരു സമിതിക്കാണ് മുല്ലപ്പെരിയാറിന്റെ നിയന്ത്രണം. അതില്‍ കേരള സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും പ്രതിനിധിയുണ്ട്. പക്ഷേ കേരളത്തിനും തമിഴ്നാടിനുമിടയില്‍ ഒരു ധാരണയുണ്ടാക്കുകയാണെങ്കില്‍ ഈ ഡാം ഡീകമ്മീഷന്‍ ചെയ്യാതെ തമിഴ്നാടിന് തുടര്‍ച്ചയായി ജലം നല്‍കികൊണ്ട് നടത്താന്‍ തീരുമാനിച്ചാല്‍ ഉറപ്പായും സുപ്രീം കോടതി അതിന് അനുവാദം നല്‍കുമെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. അതേസമയം പുതിയ ഡാമിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക പ്രശ്നങ്ങളെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘പുതിയ ഡാം തുടങ്ങണമെങ്കില്‍ 1000 കോടി രൂപ വേണം. വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടും. ഈ ഡാം പൊളിക്കണമെന്ന് പറയുന്ന ജനങ്ങള്‍ പുതിയ ഡാം പണിയുമ്പോള്‍ വലിയ പ്രതിഷേധമുണ്ടാക്കും. കേരളത്തില്‍ തെളിയിച്ചിട്ടുള്ള കാര്യമാണിത്. പാറയും മലയും പൊട്ടിക്കരുത്, അവ എല്ലാം വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് പറഞ്ഞ് അനാവശ്യമായ ചര്‍ച്ചകളും പ്രശ്നങ്ങളുമുണ്ടാക്കും. നിങ്ങള്‍ ഡാം പണിതോളൂ, നിങ്ങള്‍ക്കാണ് ഡാം വേണ്ടതെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞാല്‍ സാമ്പത്തിക ചെലവ് കേരള സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. കേരളത്തിന് ഒരു പ്രയോജനവും ഇല്ലാത്ത ഡാം കേരളം പണിയുക എന്നത് അസംബന്ധമാണ്. മുല്ലപ്പെരിയാര്‍ നിലനിര്‍ത്തി പുതിയ ഡാം പണിയാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടണം,’ പ്രമുഖ മാധ്യമത്തിനോട് ജ. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.