ലയണല്‍ മെസ്സിയെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന് അഭിപ്രായപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഇറ്റാലിയന്‍ ടോക് ഷോയായ ചെ ടെംപോ ചെ ഫായ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാന്‍ സിറ്റി ബോസിന്റെ പരാമര്‍ശം. അര്‍ജന്റൈന്‍ ഇതിഹാസം 15 വര്‍ഷം സ്ഥിരതയോടെ പന്ത് തട്ടിയെന്നും അതുല്യനായ താരമാണെന്നും പെപ് അഭിപ്രായപ്പെട്ടു.
ഇത് താന്‍ പെലെയോടും മറഡോണയോടും കാണിക്കുന്ന അനാദരവായിരിക്കുമെന്നും പക്ഷേ മെസിയെയാണ് താന്‍ മികച്ച താരമായി തെരഞ്ഞെടുക്കുന്നതെന്നും ഗ്വാര്‍ഡിയോള അഭിമുഖത്തില്‍ പറഞ്ഞു. മെസ്സിയെ ലോകോത്തര താരമായി വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. താരത്തിന്റെ വളര്‍ച്ച വളരെ അടുത്ത് നിന്ന് നോക്കിക്കണ്ടവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
പെപ്പിന് കീഴില്‍ മെസ്സി ബാഴ്‌സക്കായി പല കിരീടങ്ങളും സ്വന്തമാക്കി. ബാഴ്‌സയിലെ തന്റെ പ്രിയപ്പെട്ട പരിശീലകരില്‍ ഒരാള്‍ ഗ്വാര്‍ഡിയോളയാണെന്ന് മെസ്സിയും പറഞ്ഞിട്ടുണ്ട്. ഗ്വാര്‍ഡിയോളയുടെ കീഴില്‍ 219 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം 211 ഗോളുകളും 94 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Also Read: മെസിയെക്കാള്‍ മികച്ച താരം റൊണാള്‍ഡോ?; ചൂടൻ ചർച്ചയ്ക്ക് തിരിയിട്ട് മുന്‍ നെതര്‍ലാന്‍ഡ്സ് താരം
പെപ്പിന്റെ വാക്കുകള്‍
‘ഒരുപക്ഷേ ഞാന്‍ പെലെയോടും മറഡോണയോടും കാണിക്കുന്ന അനാദരവായിരിക്കാം. പക്ഷേ മെസ്സിയാണ് എക്കാലത്തെയും മികച്ച താരം. ഓരോ മൂന്ന് ദിവസവും കഠിനമായി പരിശീലിക്കുന്ന മെസ്സിയെ ഞാന്‍ കണ്ടിട്ടുണ്ട്. മെസ്സി ചെയ്തതെന്തോ. അതെല്ലാം മനോഹരവുമാണ്. ഓരോ മത്സരത്തിലും മെസ്സി രണ്ട് ഗോള്‍ നേടുകയോ മൂന്ന് അസിസ്റ്റ് നല്‍കുകയോ ചെയ്യും.
15 വര്‍ഷത്തെ സ്ഥിരത… മെസ്സിയുമായി അടുത്തിട പഴകുമ്പോള്‍ മാത്രമേ മെസ്സി ശരിക്കും എന്താണെന്ന് മനസിലാകൂ. മെസ്സി അതുല്യനാണ്. മെസ്സിയുടെ മത്സരങ്ങള്‍ കാണാന്‍ സാധിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. ജീവതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണിത്,’ ഗ്വാര്‍ഡിയോള പറഞ്ഞു.
Also Read: യുവേഫ നേഷൻസ് ലീഗ്: വിജയവഴിയിൽ ഇംഗ്ലണ്ട്
പെപ് ഗ്വാര്‍ഡിയോള കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തുന്നതിനും മുമ്പ് മെസി ടീമിനായി അരങ്ങേറിയിരുന്നെങ്കിലും പെപ്പിന് കീഴിലാണ് മെസ്സി സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നത്. 2008 മുതല്‍ 2012 വരെയാണ് സ്പാനിഷ് മാനേജര്‍ക്ക് കീഴില്‍ മെസ്സി പന്ത് തട്ടിയത്. ഇക്കാലയളവില്‍ നാല് തവണ മെസ്സി മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി.
2009, 2010, 2011, 2012 വര്‍ഷങ്ങളിലായിരുന്നു മെസിയുടെ പുരസ്‌കാര നേട്ടം. 2012ല്‍ 91 ഗോള്‍ നേടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. ഗ്വാര്‍ഡിയോളയെ പ്രശംസിച്ച് മെസ്സിയും പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പെപ്പിന്റെ ശൈലി പകര്‍ത്താന്‍ പല പരിശീലകനും ശ്രമിച്ചിട്ടുണ്ടെന്നാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് പറഞ്ഞത്.