പെപ്പർ നൈഗ്രാം എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്ന് പറയപ്പെടുന്നു. ഭദക്ഷിണേന്ത്യയിലും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും വ്യാപകമായി കൃഷി ചെയ്യുന്ന വിളയാണ് കുരുമുളക്. നൂറ്റാണ്ടുകളായി ഇന്ത്യൻ അടുക്കളകളിൽ ഉപയോഗിച്ചു വരുന്ന ജനപ്രിയ ചേരുവയാണ് ഇവ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുരുമുളക്.
പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കാനും സഹായിക്കും.
വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാനും ഇവ സഹായിക്കും.
ദഹന പ്രശ്നങ്ങൾ അകറ്റാൻ കുരുമുളക് സഹായിക്കുന്നു. കുരുമുളക് ചവച്ചരച്ചോ പൊടി രൂപത്തിലോ കഴിക്കാം. അതല്ലെങ്കിൽ കുരുമുളക് ചേർത്ത വെള്ളം കുടിക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഈ രീതി നല്ലതാണ്. ചുമ മാറാൻ കുരുമുളക് ചതച്ചത് തേനിൽ ചാലിച്ച് ദിവസത്തിൽ മൂന്നോ നാലോ തവണ കഴിക്കാം.
കുരുമുളകിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റൽ സംയുക്തമായ പൈപ്പറിൻ നമ്മുടെ കോശങ്ങളെയും ടിഷ്യുകളെയും ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി വിവിധ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളകിലെ ആന്‍റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതത്തെ തടയാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ പൈപ്പറിൻ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങളെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും കുരുമുളക് സഹായിക്കും.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ് ഹൈപ്പർടെൻഷൻ. ഹൃദയാഘാതം, പക്ഷാഘാതം, കൊറോണറി ആർട്ടറി രോഗങ്ങൾ തുടങ്ങിയ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് ഒരു പ്രധാന കാരണമാണ്. കുരുമുളകിലെ പൈപ്പറിൻ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.