ലോകത്തിലെ ഏറ്റവും എരിവുള്ള മുളകേതാണെന്ന് അറിയുമോ, നമ്മുടെ സാധാരണ ഹാലെപിനോ പച്ചമുളകിനേക്കാൾ 500 മടങ്ങ് എരിവുള്ള പെപ്പെർ എക്സ്. എരിവ് പൊതുവെ ഇഷ്ടമുള്ളവരാണ് മലയാളികൾ. പക്ഷെ നമ്മുടെ കാന്താരി, പച്ചമുളക്, ക്യാപ്‌സിക്കം പോലെയാെന്നുമല്ല ഇവൻ. ഇത് ആളിത്തരി ഡെയ്ൻജറാണ്. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവിൽ ഹീറ്റ് യൂണിറ്റ്(എസ്എച്ച്‌യു) ഈ മുളകിൽ 26.9 ലക്ഷമാണ്. കാന്താരി പോലുള്ള എരിവ് കൂടിയ മുളകിനങ്ങൾക്കു പോലും ഇതിന്റെ അഞ്ചിലൊന്ന് പോലും എരിവുണ്ടാകില്ല. ഇതിൽ നിന്ന് തന്നെ പെപ്പർ എക്സിന്റെ എരിവ് ഊഹിക്കാം.
എഡ് കറി എന്ന അമേരിക്കൻ ബ്രീഡറാണ് ഈ മുളക് വികസിപ്പിച്ചത്. പത്തുവർഷം നീണ്ട ഗവേഷണത്തിനൊടുവിലായിരുന്നു അത്. പത്തുവർഷത്തിലേറെ നീണ്ടുനിന്ന സൂക്ഷ്മമായ കൃഷിയുടെ ഫലമാണ് പെപ്പർ എക്‌സ്. ക്ഷമ, ശാസ്ത്രീയ ധാരണ, ചൂടിനോടുള്ള അഭിനിവേശം എന്നിവയൊല്ലാം കോർത്തിണക്കിയത്. ഇതു കഴിച്ചവരിൽ ചിലർ വയറെരിച്ചിലൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1990 മുതൽ മുളകുകളെ ബ്രീഡ് ചെയ്യുന്നവർക്കിടയിൽ ഏറ്റവും തീവ്രമായ എരിവുള്ള മുളകുണ്ടാക്കാൻ ഒരു മത്സരം നടക്കുന്നുണ്ട്. പെപ്പർ എക്സ് എത്തുന്നതു വരെ മുളകുകളിലെ രാജാവ് കാരലീന റീപ്പറായിരുന്നു. 2017ൽ ഗിന്നസ് ലോക റെക്കോർഡ്, ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി കാരലീന റീപ്പറിനെയാണു തിരഞ്ഞെടുത്തത്.
മറ്റെല്ലാ മുളകിനങ്ങളിലും ഉള്ളതു പോലെ തന്നെ കപ്‌സൈസിനോയ്ഡുകൾ എന്ന രാസവസ്തുക്കളുടെ സാന്ദ്രതയാണ് ഈ മുളകിലും എരിവ് കൂട്ടുന്ന ഘടകം. ഇന്ത്യയിൽ നിന്നുള്ള ഗോസ്റ്റ് പെപ്പർ, ഇൻഫിനിറ്റി ചില്ലി, ട്രിനിഡാഡ് മൊരൂഗ സ്‌കോർപിയോൺ, നാഗ വൈപർ പെപ്പർ, ട്രിനിഡാഡ് സ്‌കോർപിയോൺ ബച്ച്ടി തുടങ്ങിയ ഇനങ്ങളൊക്കെ എരിവ് കൂടിയ മുളകുകളാണ്.
സെന്റ് വിൻസെന്റിലെ അതീവ എരിവുള്ള മുളകിനമായ സോഫ്രയർ, ഇന്ത്യയിൽ നിന്നുള്ള നാഗ പെപ്പർ എന്നീ മുളകിനങ്ങളുടെ സങ്കരമാണ് കാരലീന പെപ്പർ. ഈ മുളകിന്റെ സവിശേഷതകളിലൊന്നായ വാലാണ് റീപ്പർ എന്ന പേര് ഇതിനു വരാൻ കാരണം.ആദ്യകടിയിൽ പളങ്ങൾ കടിക്കുന്ന പോലത്തെ ഒരു അനുഭവമാണ് കടിക്കുന്നയാൾക്ക് ലഭിക്കുക. എന്നാൽ തുടർന്ന് നല്ല എരിവ് ഉടലെടുക്കും.