ബെംഗലൂരു: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിൽ വലിയ സന്തോഷമെന്ന് മലയാളി താരം ആശ ശോഭന. ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനം നടത്തണമെന്നാണ് പ്രതീക്ഷയെന്നും ആശ പറഞ്ഞു. നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്കെത്താൻ സ്വപ്നം കണ്ടുകൊണ്ടേയിരിക്കു, പരിശ്രമങ്ങൾ തുടരൂ. മുപ്പത്തി മൂന്നാം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആശ പറഞ്ഞ വാക്കുകളായിരുന്നു ഇത്. അന്ന് ലോകകപ്പ് ടീമിലിടം നേടുകയാണ് തൻറെ ലക്ഷ്യമെന്ന് പറഞ്ഞിരുന്ന ആശ ഒടുവിൽ അതും നേടിയെടുത്തു.
ആശ ശോഭനയ്ക്കൊപ്പം മലയാളി താരം സജന സജീവനും ടീമിൽ ഇടം നേടിയിട്ടുണ്ട്. രണ്ട് മലയാളി താരങ്ങൾ ടീമിലെത്തിയതിൽ ആശയ്ക്ക് സന്തോഷം. ലോകകപ്പിനായി പ്രത്യേക പരിശീലനം വേഗം തുടങ്ങുമെന്നും ആശ പറഞ്ഞു. മാധ്യമങ്ങളെപ്പോലെ വാർത്താക്കുറിപ്പിലൂടെയാണ് താനും ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയ കാര്യം അറിഞ്ഞതെന്നും ആശ പ്രതികരിച്ചു. ഫാസ്റ്റ് ബൗളറായി തുടങ്ങി ലെഗ് സ്പിന്നറായ താരമാണ് ആശ. വനിത പ്രീമിയർ ലീഗ് ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയതോടെയാണ് ആശാ ശോഭനയെന്ന പേര് ആരാധകരറിയുന്നത്.
ഒരു മത്സരത്തിൽ 5 വിക്കറ്റടക്കം നേടി താരം മികവ് കാട്ടി. റോയൽ ചാലഞ്ചേഴ്സ് ഡബ്ല്യുപിഎൽ ജേതാക്കളായതിൻറെ പിറ്റേ ദിവസമാണ് ആശയ്ക്ക് 33ാം പിറന്നാൾ ആഘോഷിച്ചത്. പക്ഷേ പ്രതിഭയ്ക്കും പോരാട്ടവീര്യത്തിനും തെല്ലും പ്രായമായിട്ടില്ലെന്നു തെളിയിക്കുന്നതാണ് ആശയുടെ പ്രകടനങ്ങളെല്ലാം. പ്രായത്തെ വെല്ലുന്നൊരു പ്രകടനം ആരാധകർ ലോകകപ്പിലും പ്രതീക്ഷിക്കുന്നുണ്ട്.
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം മാറ്റിവെച്ച വനിതാ ടി20 ലോകകപ്പിൻറെ പുതിയ മത്സരക്രമം കഴിഞ്ഞ ദിവസം ഐസിസി പുറത്തുവിട്ടിരുന്നു. ബംഗ്ലാദേശ് വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് ഐസിസി ദുബായിലേക്കും ഷാർജയിലേക്കും മാറ്റിയിരുന്നു. ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന നാലിന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം..
Also Read:വീണ്ടും പുരാൻ വെടിക്കെട്ട് ;തൂത്തുവാരി വെസ്റ്റ് ഇൻഡീസ്