കൊച്ചി: പെരിയാര്‍ മത്സ്യക്കുരുതിയില്‍ കുഫോസിന്റെ രാസപരിശോധനാഫലം അടുത്തയാഴ്ചയിലേക്ക് നീങ്ങിയതിനാല്‍ തുടര്‍നടപടികള്‍ വൈകും. രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താന്‍. അതേസമയം, ഉത്തരവാദികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. മത്സ്യക്കുരുതിയല്‍ വലിയ നഷ്ടമുണ്ടായ ഉള്‍നാടന്‍ മത്സ്യമേഖലക്കുള്ള നഷ്ടപരിഹാരം ദുരിതത്തിന് കാരണക്കാരായ കമ്പനികളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം. ഇത് നടപ്പാക്കണമെങ്കില്‍ ആദ്യം ഏത് കമ്പനിയാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. അതിന് രാസപരിശോധനാഫലം വരണം. ഇതിനുശേഷം തുടര്‍ പരിശോധനകളും വേണം. കുഫോസ് വിദഗ്ധസംഘത്തിന്റെ രാസപരിശോധനാഫലം അറിയാന്‍ ഒരാഴ്ച കൂടി കഴിയുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എടയാര്‍ മേഖലയില്‍ 332 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തുടര്‍പരിശോധനകള്‍ക്കും സമയമെടുക്കും. ഉത്തരവാദികളായ കമ്പനികള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും സീറോ ഡിസ്ചാര്‍ജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പെരിയാര്‍ മലിനീകരണ വിരുദ്ധസംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. മത്സ്യക്കുരുതിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും ഉന്നത വിദഗ്ധസമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ പഠനറിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തിയാകും കളക്ടര്‍ സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക.