അൽഖോബാർ: ജീവിച്ചിരിക്കുന്ന ഒരാൾ ദാനം ചെയ്ത അവയവം രോഗിയുടേതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ രണ്ടോ അതിലധികമോ കുടുംബാംഗങ്ങളിൽനിന്നും വൃക്ക സ്വീകരിക്കാം. കുടുംബാംഗങ്ങൾക്കിടയിൽ വൃക്ക മാറ്റിവെക്കാൻ അനുമതിയും സൗകര്യങ്ങളുമൊരുക്കുന്ന പ്രത്യേക പദ്ധതി സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ (എസ്.സി.ഒ.ടി) ആരംഭിച്ചു. ഇതോടെ വൃക്ക മാറ്റിവെക്കൽ ആവശ്യമുള്ള രോഗികൾക്ക് അവരുടെ കുടുംബാംഗങ്ങളിൽനിന്ന് വൃക്ക സ്വീകരിക്കാൻ കഴിയും.
ദാതാക്കളുടെ എണ്ണം വർധിപ്പിക്കാനും ദാതാവും രോഗിയും തമ്മിലുള്ള രക്തത്തിന്റെയും ടിഷ്യുകളുടെയും പൊരുത്തക്കേടിന്റെ പ്രശ്നം മറികടക്കാനും ഇതുവഴി സാധിക്കും. വൃക്ക മാറ്റിവെക്കുന്നതിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും കഴിയും.
രാജ്യത്തിന്റെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് നടപ്പാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ വൃക്ക മാറ്റിവെക്കൽ കേന്ദ്രത്തിലും ദമ്മാമിലെ കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രിയിലും തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ വൃക്ക മാറ്റിവെക്കൽ കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.
രണ്ടാംഘട്ടത്തിൽ ദാതാക്കളുടെ എണ്ണം പത്തുശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നാഷനൽ കിഡ്നി എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ രാജ്യത്തെ എല്ലാ വൃക്ക മാറ്റിവെക്കൽ കേന്ദ്രങ്ങളോടും ആഹ്വാനം ചെയ്യും. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ പദ്ധതിയുടെ ഭാഗമായി ഫലപ്രദമായ കൈമാറ്റ സേവനങ്ങൾ നൽകുന്നതിനും പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടപ്പാക്കും.