ഇതരസംസ്ഥാനങ്ങളിലേക്ക് യാത്രപോവാനാകാതെ കരിമ്പട്ടികയിൽ ഉൾപ്പെട്ട് ടാക്‌സി തൊഴിലാളികൾ. അതേസമയം സംസ്ഥാനസർക്കാർ ഓൺലൈൻ പെർമിറ്റ് സംവിധാനം നടപ്പാക്കാൻ വൈകിയതാണ് ഭീമമായ കുടിശ്ശിക വരാനിടയാക്കിയതെന്ന് ടാക്‌സി തൊഴിലാളികൾ ആരോപിക്കുന്നു.
കേന്ദ്രസർക്കാർ, ഇതരസംസ്ഥാനങ്ങളിലേക്ക് കടക്കുന്നതിനുള്ള വാഹനങ്ങളുടെ പെർമിറ്റ് 2018-ലാണ് ഓൺലൈൻവഴിയാക്കിയത്. കേരളം ഇത് നടപ്പാക്കിയതാകട്ടെ 2022ലും. 2018 മുതൽ പുതുക്കിയ നിരക്കിൽ 2022 വരെ ഒരുയാത്രയ്ക്ക് 360രൂപ ഈടാക്കേണ്ടിയിരുന്നിടത്ത് കേരള രജിസ്‌ട്രേഷൻ വാഹനങ്ങളിൽനിന്ന് ഈടാക്കിയിരുന്നത് 250 രൂപയാണ്.
Also Read: ഇൻ്റർകോം സംവിധാനമുളള ആദ്യ ഹെൽമറ്റ്
അടക്കേണ്ടത് ഭീമമായ കുടിശ്ശിക
എന്നാൽ വിവിധ ചെക്‌പോസ്റ്റുകളിൽ ഓഡിറ്റ് നടത്തിയതോടെ കേരള രജിസ്‌ട്രേഷനിലുള്ള വണ്ടികൾ ഓരോ യാത്രയ്ക്കും 105 രൂപവീതം സേവനനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന്ഇവ കരിമ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ഒരു ചെക്‌പോസ്റ്റിൽത്തന്നെ 15,000 രൂപയോളം കുടിശ്ശിക അടയ്ക്കേണ്ടവരുണ്ട്.
എന്നാൽ അയൽസംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നതിന് തൊട്ടുമുമ്പ് ഓൺലൈനായി പെർമിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പലരും കുടിശ്ശികയുടെ വിവരം അറിയുന്നത്. തുടർന്ന്തുക ഓൺലൈനായി അടയ്ക്കാമെങ്കിലും യൂസർനെയിമും പാസ്വേഡും ആർ.ടി.ഒ. ഓഫീസിൽനിന്ന് ലഭിക്കുന്നമുറയ്ക്കേ പണമടയ്ക്കാനാകൂ.
Also Read: മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി എക്‌സ്‌പോയിൽ അവതരിപ്പിക്കും
എന്നാൽ ഓഫീസ് അവധിയാണെങ്കിൽ കാത്തിരിക്കേണ്ടിവരുമെന്നും ഇതുമൂലം രാത്രിയിലും അവധിദിവസങ്ങളിലും കിട്ടുന്ന ട്രിപ്പുകൾ ഒഴിവാക്കേണ്ടിവരികയാണെന്നുമാണ് നിലവിൽ തൊഴിലാളികൾ പറയുന്നത്. അതേസമയം കരിമ്പട്ടികയിൽ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിവരം നേരത്തേതന്നെ ഫോണിൽ സന്ദേശമായി നൽകാറുണ്ടെന്നാണ് ആർ.ടി.ഒ. ഓഫീസ് അധികൃതർ പറയുന്നത്.