ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു വ്യക്തിയുടെ മൊബൈല്‍ ഡാറ്റ ഉപഭോഗം കൂടുന്നതായി വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത് കിഷോര്‍. ‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റ ഉപഭോഗം നാലിരട്ടിയായാണ് വര്‍ധിച്ചത്. ഇത് പ്രതിമാസം അഞ്ച് ജിബിയില്‍ നിന്ന് 20 ജിബിയായി ഉയര്‍ന്നതായി ചണ്ഡീഗഡ് ആസ്ഥാനമായുള്ള പത്രമായ ദി ട്രിബ്യൂണിനോട് അദ്ദേഹം പറഞ്ഞു.
ഉള്ളടക്കത്തിന്റെ വ്യാപനം, നെറ്റ്‌വര്‍ക്ക് വിപുലീകരണം, ആളുകള്‍ക്ക് താങ്ങാനാവുന്ന ഡാറ്റാ പ്ലാനുകള്‍, ചെറിയ വിലയുള്ള മൊബൈലുകളുടെ വിശാലമായ ശ്രേണി തുടങ്ങിയ ഘടകങ്ങളാണ് ഉപഭോഗത്തിലെ കുതിച്ചുചാട്ടത്തെ നയിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെയും വളര്‍ച്ച, ക്രിക്കറ്റ് ലോകകപ്പ്, ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങിയ മെഗാ കായിക ഇനങ്ങളുടെ തത്സമയ സ്ട്രീമിങ് തുടങ്ങിയവയും ഡാറ്റ ഉപഭോഗം വര്‍ധിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഡാറ്റാ ഉപഭോഗം പ്രതിവര്‍ഷം 20 ശതമാനം വര്‍ധിച്ചതായി നോക്കിയ ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് മേധാവി അമിത് മര്‍വ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ഉപഭോഗങ്ങളിലൊന്നാണിത്. ശരാശരി, ഒരു വ്യക്തിഗത വരിക്കാരന്‍ പ്രതിമാസം 24 ജിബി ഡാറ്റ ഉപയോഗിക്കുന്നെന്നും ഇന്ത്യയിലെ ഡാറ്റ ഉപഭോഗം വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്കുകളില്‍ ഒന്നായതിനാല്‍, ഉയര്‍ന്ന ഡാറ്റ ഉപഭോഗത്തില്‍ അതിശയിക്കാനില്ല. എന്നാല്‍ പുതിയ താരിഫ് വര്‍ധനയ്ക്ക് ശേഷം ഡാറ്റാ ഉപഭോഗത്തിലെ വളര്‍ച്ച ഭാവിയില്‍ തടസമില്ലാതെ തുടരുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
കഴിഞ്ഞ മാസം, ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വിഐ തുടങ്ങിയവര്‍ മൊബൈല്‍ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ജിയോ 12 ശതമാനം മുതല്‍ 27 ശതമാനം വരെയാണ് താരിഫ് ഉയര്‍ത്തിയത്. അണ്‍ലിമിറ്റഡ് സൗജന്യ 5ജി സേവനങ്ങളിലേക്കുള്ള പ്രവേശനം ജിയോ നിയന്ത്രിക്കുകയും ചെയ്തു. എയര്‍ടെല്‍, പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് മൊബൈല്‍ താരിഫുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് വര്‍ധനവ്. ജൂലൈ മൂന്ന് മുതലാണ് പുതിയ റീചാര്‍ജ് പ്ലാനുകള്‍ നിലവില്‍ വന്നത്.