തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ സംഭവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎൽഎ. പ്രതികരണം രാഷ്ട്രീയമായല്ലെന്നും വ്യക്തിപരമാണെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്നതു കൊണ്ടാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഇത്രയേറെ വിമര്‍ശനമുണ്ടായത്. നേരത്തെ ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവനെന്ന ആക്ഷേപം പോലും തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമപുരസ്കാരം പ്രഖ്യാപന വേദിയിലായിരുന്നു ചാണ്ടിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച ചാണ്ടി ഉമ്മനെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം രംഗത്തെത്തിയിരുന്നു. ജനസ്വീകാര്യതയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിനു ചാണ്ടി ഉമ്മൻ കരുവായതാണു കത്തെഴുതാൻ പ്രേരിപ്പിച്ചെന്ന് അഡ്വ.ജോർജ് പൂന്തോട്ടം പറഞ്ഞു.
ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം. അതേസമയം, ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമപുരസ്കാരം ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചാണ്ടി ഉമ്മന്‍ ചെയര്‍മാനും ശശി തരൂര്‍ കണ്‍വീനറുമായ ഫൗണ്ടേഷനാണ് പുരസ്കാരത്തിന് രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തത്.