ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അപ്പീല്‍ ഹര്‍ജി ഉടന്‍ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
ഒക്ടോബര്‍ 30-നാണ് ദര്‍ശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യംനല്‍കിയത്. ജാമ്യംലഭിച്ച് മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല. ഇടക്കാലജാമ്യം ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു.
Also Read: ഓഹരി വിപണിയുടെ പേരിൽ തട്ടിപ്പ്; ചൈനീസ് പൗരൻ പിടിയിൽ
131 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ദര്‍ശന്‍ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും തുടര്‍ന്ന് ബല്ലാരി ജയിലിലുമായിരുന്നു ദര്‍ശന്‍. ജൂണ്‍ 11-നാണ് അറസ്റ്റിലായത്. ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ദര്‍ശനും കൂട്ടുപ്രതികളുംചേര്‍ന്ന് ബെംഗളൂരുവിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദര്‍ശനും നടി പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാംപ്രതിയായ പവിത്ര ഗൗഡ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്. രണ്ടാംപ്രതിയാണ് ദര്‍ശന്‍.