ഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത അഞ്ച് ലക്ഷം കോടി വില വരുന്ന 70,772.48 കിലോ ഹെറോയിന്‍ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ അരവിന്ദാക്ഷനാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018 നും 2020 നും ഇടയില്‍ പിടിച്ചെടുത്ത 70,772.48 കിലോ ഹെറോയിന്‍, രേഖകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. ജസ്റ്റിസ് സുബ്രമണണ്യം പ്രസാദാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചു. നാല് ആഴ്ച്ചക്കകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
2018 മുതല്‍ 2020 വരെ രാജ്യത്ത് മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തുവിട്ട വിവരവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. 2018 നും 2020 നും ഇടയില്‍ മൊത്തം 70,772.48 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതായി ഹരജിയില്‍ പറയുന്നതായും കോടതി വ്യക്തമാക്കി. രാജ്യാന്തര വിപണിയില്‍ ഏകദേശം 5 ലക്ഷം കോടി രൂപ വിലമതിക്കുന്ന 70,000 കിലോയിലധികം ഹെറോയിന്‍ കാണാതായത് ദേശീയ സുരക്ഷ, സാമൂഹിക സ്ഥിരത, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
12.09.2022-ന്, ഹെറോയിന്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് എന്‍സിആര്‍ബി നല്‍കിയ വിവരവും ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രി നിത്യാനന്ദ് റായി നല്‍കിയ വിവരവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് സെപ്റ്റംബര്‍ 9ന് വീണ്ടും പരിഗണിക്കും.