പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി: ഭര്‍ത്താവ് ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

. പ്രദ്മുന്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ശുഭശ്രീ തന്റെ രക്ഷിതാക്കള്‍ക്കൊപ്പം ഖുദ്രയിലെ വീട്ടില്‍ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി: ഭര്‍ത്താവ് ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍
പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി: ഭര്‍ത്താവ് ഉള്‍പ്പടെ 3 പേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നഴ്സുമാരായ പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി ഫാര്‍മസിസ്റ്റ്. പ്രദ്മുന്യകുമാര്‍ (24), റോജി പത്ര, എജിത ഭുയാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 28-നാണ് സംഭവം നടന്നത്. പ്രദ്മുന്യ കുമാറിന്റെ ഭാര്യ ശുഭശ്രീയെയാണ് മൂവര്‍സംഘം അമിതമായി അനസ്ത്യേഷ്യ നല്‍കി കൊലപ്പെടുത്തിയത്. ശുഭശ്രീയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണത്തില്‍ അപാകതയുള്ളതായി വെളിപ്പെട്ടത്.

വര്‍ഷങ്ങളോളം നീണ്ട ഡേറ്റിങിനുശേഷമാണ് പ്രദ്മുന്യ, ശുഭശ്രീയെ വിവാഹം ചെയ്തത്. കഴിഞ്ഞവര്‍ഷം എജിതയുമായി ഇയാള്‍ അടുപ്പത്തിലായി. ഇക്കൊല്ലമാണ് റോജി പത്രയുമായി പ്രതി അടുത്തത്. പ്രദ്മുന്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ശുഭശ്രീ തന്റെ രക്ഷിതാക്കള്‍ക്കൊപ്പം ഖുദ്രയിലെ വീട്ടില്‍ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശുഭശ്രീയുമായുള്ള പ്രശ്‌നങ്ങള്‍ക്കിടയിലാണ് പ്രദ്മുന്യ എജിതയുമായി അടുത്തത്. ഇരുവരും റോജിയുമായും നല്ല ബന്ധത്തിലായിരുന്നു.

ഒക്ടോബര്‍ 27-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂവരുംചേര്‍ന്ന് ശുഭശ്രീയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി. പദ്ധതിയിട്ടതുപ്രകാരം പ്രദ്മുന്യ ശുഭശ്രീയെ സാംപൂരിലെ റോജിയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഒക്ടോബര്‍ 28-ന് ശുഭശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പ്രദ്മുന്യ ഡോക്ടര്‍മാരോട് പറയുകയും ചെയ്തു. പിന്നീട് ശുഭശ്രീയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ അകത്തുചെന്നു എന്ന ശുഭശ്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് തുടരന്വേഷണം ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയിലാണ് മരണത്തിലെ അസ്വാഭാവികത മനസ്സിലായത്. പിന്നീട് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ നിര്‍ബന്ധപൂര്‍വം അനസ്‌തേഷ്യ കുത്തിവെച്ചതാണെന്ന് ഏറ്റുപറഞ്ഞതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് ഡി.സി.പി. വ്യക്തമാക്കി.

Top