സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത നിര്‍ദേശം

സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത നിര്‍ദേശം
സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത നിര്‍ദേശം

ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച ചില സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 19ന് സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളില്‍ വൈകുന്നേരത്തോടെ ഛര്‍ദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു.

കൂടുതലായും എല്‍പി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മിഡ് ഡേ മീല്‍ സ്‌കീമിന്റെ ഭാഗമായി ചോറും കറികളുമുള്‍പ്പടെ വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു നല്‍കിയത്. ഏകദേശം തൊള്ളായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അറുന്നൂറ്റി ഇരുപതോളം വിദ്യാര്‍ഥികള്‍ ആണ് ഉച്ചഭക്ഷണം കഴിച്ചത്.

തുടര്‍ന്ന് 34 വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത ഉണ്ടായി. ഇവര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഇതില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികള്‍ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പിറ്റേന്ന് ( ജൂലൈ 20 ന് ) വിട്ടയച്ചു. എട്ട് കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ് ആര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്തു നടത്തി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാര്‍, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകള്‍, കുട്ടികള്‍ക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകള്‍, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങള്‍, കുട്ടികളുടെ ടോയ്ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് ടീമിന്റെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്‌കൂള്‍ അധികൃതരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചു.

ഭക്ഷണ സാമ്പിളുകള്‍ പരിശോധനയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, വിവിധ ജലസ്രോതസ്സുകള്‍, പാചകത്തിനും കുട്ടികള്‍ വായ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിന്റെ ചെറിയ ഒരു അംശം വിദ്യാലയങ്ങളില്‍ പിറ്റേ ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണ്ടതിന്റെ ആവശ്യകതയും ജില്ല ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് അടിയന്തിര സാഹചര്യത്തില്‍ ഭക്ഷണം പരിശോധനക്ക് വിധേയമാക്കുന്നതിന് ഉപകാരപ്പെടും.

പാചകശാലകളില്‍ ശുചിത്വം പ്രധാനം

വിദ്യാലയങ്ങളിലെ കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുന്നതിനും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്തുകയും വേണം.

വിദ്യാലയങ്ങളിലെ ആഹാര പാനീയ ശുചിത്വ കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധീകരിച്ച ജലം ഉപയോഗിക്കണം.

ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും എലികളും മറ്റ് പ്രാണികളും കടക്കാതിരിക്കാന്‍ അടച്ച പാത്രങ്ങളില്‍ സൂക്ഷിക്കുക. കാലാവധി കഴിഞ്ഞതോ പൂപ്പലും മറ്റ് കീടങ്ങളുടെയും സാന്നിധ്യമുള്ളതോ ആയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്

ധാന്യങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകുക. ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ നന്നായി തിളപ്പിക്കുക. മുട്ട പുഴുങ്ങുന്നതിനു മുമ്പ് കഴുകി വൃത്തിയാക്കുക. മുട്ടത്തോട് നീക്കം ചെയ്യുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക .

ആഹാരം തയ്യാറാക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. നഖങ്ങള്‍ വെട്ടി സൂക്ഷിക്കുന്നതടക്കമുള്ള ശുചിത്വ ശീലങ്ങള്‍ പാചക ജോലികള്‍ ചെയ്യുന്നവര്‍ പാലിക്കണം.

സ്‌കൂളില്‍ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം വൃത്തിയുള്ള കുപ്പിയില്‍ കൊണ്ടുവരുന്നുണ്ടെന്ന് ഉറപ്പാക്കുക. പൈപ്പിലെ വെള്ളവും മറ്റും കുടിക്കരുത് എന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്ന പക്ഷം എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന കലം പോലെയുള്ളവയില്‍ സൂക്ഷിക്കുക. പാത്രം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം വെള്ളം ശേഖരിക്കുക. വെള്ളം മുക്കിയെടുക്കുമ്പോള്‍ കൈകളിലെയും ഗ്ലാസിലെയും അഴുക്ക് വെള്ളത്തില്‍ കലരാന്‍ ഇടയുണ്ട്. അതുകൊണ്ട് പിടിയുള്ള ജഗ് പോലെയുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് പിടി വെള്ളത്തില്‍ സ്പര്‍ശിക്കാത്ത രീതിയില്‍ വെള്ളം പകര്‍ന്നെടുക്കാന്‍ ശ്രദ്ധിക്കുക. വൃത്തിയുള്ള അടപ്പിന് മുകളില്‍ ഈച്ച തൊടാത്ത വിധം മഗ് വൃത്തിയായി സൂക്ഷിക്കുക.

സ്‌കൂളുകളിലെ ശുചിമുറികളില്‍ സോപ്പ് സൂക്ഷിക്കുക. ശുചിമുറി ഉപയോഗിച്ച ശേഷം കൈകള്‍ കഴുകേണ്ടതാണെന്ന നിര്‍ദ്ദേശം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക. ആഹാരം കഴിക്കുന്നതിനുമുമ്പും കുട്ടികള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുന്നുവെന്ന് ഉറപ്പാക്കുക.

Top