വി.മുരളീധരനു പിന്നാലെ ഫ്ലെക്സ് വിവാദത്തിൽപ്പെട്ട് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറും. ക്ഷേത്രത്തിന്റെയും തേവരുടെയും ചിത്രം പതിച്ച ഫ്ലെക്സ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചതിന്റെ പേരില്‍ സുനില്‍കുമാറിന് എതിരെ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. തൃശൂര്‍ എംപി ടി.എന്‍.പ്രതാപനാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്.
തൃശൂര്‍ ചിറയ്ക്കല്‍ സെന്ററിലാണു ഫ്ലെക്സ് പതിച്ചത്. മതസ്ഥാപനങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണു പരാതി.
നേരത്തെ, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രികൂടിയായ ബിജെപി സ്ഥാനാർഥി വി. മുരളീധരനെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഇടതു മുന്നണി പരാതി നൽകിയിരുന്നു. വി.മുരളീധരൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനു ഫ്ലെക്സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചതായാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം ആണു വിഗ്രഹത്തിന്റെ ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നതെന്നു ജില്ലാ സെക്രട്ടിയുടെ ചുമതലയുള്ള സി. ജയൻ ബാബു നൽകിയ പരാതിയിൽ പറയുന്നു.