‘വർഗീയ ശക്തി പുറകിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്കെടുത്ത് എന്തും വിളിച്ച് പറയാമെന്ന് കരുതേണ്ട’; മുഖ്യമന്ത്രി

കൃത്യമായി വർഗീയ ആജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് വ്യക്തമാകുന്നുണ്ട്

‘വർഗീയ ശക്തി പുറകിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്കെടുത്ത് എന്തും വിളിച്ച് പറയാമെന്ന് കരുതേണ്ട’; മുഖ്യമന്ത്രി
‘വർഗീയ ശക്തി പുറകിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്കെടുത്ത് എന്തും വിളിച്ച് പറയാമെന്ന് കരുതേണ്ട’; മുഖ്യമന്ത്രി

കോഴിക്കോട്: പി വി അൻവറിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎമ്മിന് അതിന്റേതായ സംഘടനാ രീതിയുണ്ട്. ആ ചട്ടക്കൂടിൽ ഒതുങ്ങി നിന്നാണ് പ്രവർത്തിച്ച് പോകുന്നത്. ചില പ്രത്യേക ബോധോദയത്തിന്റെ പേരിൽ വഴിയിൽ നിന്ന് വായിൽ തോന്നിയത് വിളിച്ച് കൂവിയാൽ അതിന്റെ ഭാഗമായി തീരുമാനങ്ങൾ എടുത്ത് പോകുന്ന പാർട്ടിയല്ല സിപിഐഎം. പാർട്ടിക്ക് നിയതമായ രീതികളുണ്ട്. ആ പാർട്ടിയെ തെറ്റിലേക്ക് വലിച്ചിഴച്ച് കളയാമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടങ്കിൽ ആ രീതിയിൽ നോക്കുന്നതാണ് നല്ലത്.

കൃത്യമായി വർഗീയ ആജണ്ടയുടെ ഭാഗമായി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് വ്യക്തമാകുന്നുണ്ട്. അത് നമ്മുടെ നാട്ടിലെ ജനങ്ങൾ അംഗീകരിക്കില്ല. ഏത് കൂട്ടരെയാണോ തന്റെ പക്ഷത്തേക്ക് അണിനിരത്താമെന്ന് കരുതുന്നത് ആ കൂട്ടർ തന്നെ ആദ്യം തള്ളിപ്പറയും. അതാണ് നമ്മുടെ നാട്. മലപ്പുറത്തെ മതനിരപേക്ഷ മനസ്സ് എല്ലാവർക്കും അറിയാം. ആ മതനിരപേക്ഷ മനസ്സ് ദൃഢപ്പെടുത്താൻ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയോട് സന്ധിയില്ലാത്ത പോരാട്ടമാണ് സിപിഐഎം നടത്തുന്നത്.

ഭൂരിരപക്ഷ, ന്യൂനപക്ഷ വർഗ്ഗീയത പരസ്പരം പൂരകമായാണ് പ്രവർത്തിക്കുന്നത്. ഇതിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുത്ത് പോരുന്നത്. വർഗീയ ശക്തി പുറകിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്കെടുത്ത് എന്തും വിളിച്ച് പറയാം അങ്ങനെ സിപിഐഎമ്മിനെയും നേതാക്കളെയും വർഗീയതയുടെ ആളുകളായി ചിത്രീകരിക്കാമെന്നൊക്കെ വ്യാമോഹിക്കുന്നുണ്ടെങ്കിൽ അതെല്ലാം വ്യാമോഹം മാത്രമായിരിക്കുമെന്നും അൻവറിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

ഒരു വർഗീയ ശക്തിയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപി ജയിച്ചത് ഗൗരവമായി കാണേണ്ടതും പരിശോധിക്കേണ്ടതുമാണ്. 2019 ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയ വോട്ടിൽ 2024 ആയപ്പോൾ 86000 ന്റെ കുറവ് സംഭവിച്ചു. എൽഡിഎഫ് ജയിച്ചില്ല. പക്ഷേ 16000 വോട്ട് വർദ്ധിച്ചു അത് മതിയോ എന്നത് പരിശോധിക്കേണ്ടതാണ്. സിപിഐഎം പരിശോധിക്കും. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ വർദ്ധനവ് ബിജെപിക്കുണ്ടായി. കോൺഗ്രസിന്റെ 86000 ൽ അതിന് സ്ഥാനമില്ലേ അതല്ലേ ഗൌരവമുള്ള പ്രശ്നം. തെറ്റായ പ്രചരണങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ല.

ചരിത്രം പരിശോധിച്ചാൽ, ആർഎസ്എസ്സിന്റെ വളർച്ചയിൽ അനേകം സഖാക്കളാണ് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായാണ് രക്തസാക്ഷിത്വം വരിച്ചത്. ആ സഖാക്കളുടെ പാർട്ടിയാണ് സിപിഐഎം. കേരളത്തിന്റെ മതനിരപേക്ഷത തകർത്ത് വർഗീയ അജണ്ട പ്രചരിപ്പിച്ച് കടന്ന് കയറാൻ പറ്റുമോ എന്ന് ആർഎസ്എസ് വലിയ തോതിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ചിലർ തയ്യാറാകുന്നുവെന്നാണ് അടുത്ത കാലത്തെ സംഭവങ്ങൾ കാണിക്കുന്നത്. ജനമനസ്സിൽ വർഗീയത തിരികിക്കയറ്റാനുള്ള ആ ശ്രമം നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top