തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നുണക്ക് സമ്മാനമുണ്ടെങ്കില്‍ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടകരയില്‍ കെ.കെ ശൈലജ ടീച്ചര്‍ക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവര്‍ത്തനം ചിലരില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അത് അവര്‍ക്ക് തന്നെ വിനയാകും. സാംസ്‌കാരിക കേരളം ഇത് അംഗികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് സി.പി.ഐ.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ.
പലരുടെയും സമനില തന്നെ തെറ്റി. എന്തും വിളിച്ചുപറയാമെന്ന മാനസിക നിലയിലാണ് ചിലര്‍. പ്രതിപക്ഷ നേതാവ് നല്ല രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കി പറയുന്ന ആളാണെന്നാണ് പാര്‍ട്ടിക്കാരുടെ വിചാരം. പക്ഷെ അടുത്തിടെയായി തരംതാഴ്ന്ന നിലയിലാണ് സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോജിച്ച പ്രക്ഷോഭത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പിന്മാറ്റം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഉത്തരം പറയണം. രാഹുല്‍ ഗാന്ധി നടത്തിയ യാത്രയില്‍ ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പൗരത്വ ഭേദഗതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.