കൊച്ചി: സഹകരണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമക്കേടില്ലാത്തതും അഴിമതി തീണ്ടാത്തതുമായി മേഖലയെ നിലനിര്‍ത്തണം. കര്‍ക്കശമായി ഇടപെട്ട് ക്രമക്കേടുകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം നടത്തണം.
അപൂര്‍വമായി നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ സഹകരണ മേഖലയുടെ പൊതുവായ ഖ്യാതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. സമൂഹത്തിലെ അപചയത്തിന് സഹകാരികളില്‍ ചിലരും ഇരയാകുന്നതിന്റെ ഭാഗമായി സംഭവിക്കുന്നതാണിത്. സഹകരണ സ്ഥാപനങ്ങളിലെ അതികര്‍ക്കശമായ പരിശോധനയിലും ഇടപെടലിലും വന്ന മാറ്റം ഇത്തരം കാര്യങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഓരോ സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്താം ചുമതലപ്പെട്ടവര്‍ വഴിവിട്ട നീക്കങ്ങള്‍ കണ്ടെത്തി തിരുത്തല്‍ നടപടി സ്വീകരിക്കണം. സഹകരണ മേഖലയിലാകെ പ്രശ്‌നമാണ് എന്ന് വരുത്തിതീര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ തിരിച്ചറിയണം.
ക്രമക്കേടുകള്‍ പെരുപ്പിച്ച് കാണിക്കുന്നത് സഹകരണ മേഖലയുടെ ശേഷി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. വാണിജ്യ ബാങ്കുകളിലും ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ നടക്കാറുണ്ട്. ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനുള്ള ഇടപെടലാണ് അവിടെയും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണമേഖലയിലെ ഒരു നിക്ഷേപകന്റെയും ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല. ഒരിടത്തും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. നിക്ഷേപകര്‍ക്ക് ആശങ്കയും വേണ്ട. കേരളത്തിലെ സഹകരണ മേഖലയെ പൂര്‍ണമായി വിശ്വസിക്കാം. 2.5 ലക്ഷം കോടി രൂപ കേരളത്തിലെ സഹകരണ മേഖലയില്‍ നിക്ഷേപമായുണ്ട്.