പൈനാപ്പിള്‍ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

ഇതിന് മുമ്പ് 2022ല്‍ കടുത്ത വേനലില്‍വില 60 രൂപയില്‍ എത്തിയിരുന്നത്

പൈനാപ്പിള്‍ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ
പൈനാപ്പിള്‍ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ

മൂവാറ്റുപുഴ: പൈനാപ്പിള്‍ വില റെക്കോഡിലേക്ക്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് മഴക്കാലത്തോടനുബന്ധിച്ച് വില 55ലെത്തുന്നത്.
ഇതിന് മുമ്പ് 2022ല്‍ കടുത്ത വേനലില്‍വില 60 രൂപയില്‍ എത്തിയിരുന്നത് ഒഴിച്ചാല്‍ ഇത്രയും വില ഉയരുന്നത് ആദ്യമായാണ്. 2015ല്‍ 15 രൂപയായിരുന്നു വില. 2016ല്‍ ഇത് 45 രൂപയായി ഉയര്‍ന്നെങ്കിലും പിന്നീട് 2022 ല്‍ 60 എത്തി.2023 ല്‍ 38 രൂപയായി. ഈ വര്‍ഷം 55ല്‍ എത്തി. പുറത്ത് വില്‍പന നടത്തുന്നത് 70 രൂപമുതല്‍ 80 രൂപ വരേക്കാണ്. വര്‍ഷകാലത്ത് വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കടക്കം വന്‍തോതില്‍ ചരക്കിന് ആവശ്യമുയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. ഇതിനുപുറമെ കാലാവസ്ഥ വ്യതിയാനം മൂലം ഫംഗസ് ബാധ വന്നതോടെ ഉല്‍പാദനം കുറഞ്ഞതും വിലവര്‍ധനക്ക് കാരണമായിട്ടുണ്ട്. ഓരോ തോട്ടത്തിലും 10 ശതമാനം മുതല്‍ 15 ശതമാനം വരെ പൈനാപ്പിള്‍ രോഗം ബാധിച്ച് നശിച്ചു.

Top