കാസര്‍കോട്: വാഹന പരിശോധനക്കിടെ ബംഗളുരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി. സാധുവായ രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപയാണ് പിടികൂടിയത്. പണം കൊണ്ടുവന്ന മഞ്ചേശ്വരം കോയിപ്പാടി സ്വദേശി അബ്ദുള്‍ സമദിനെ അറസ്റ്റ് ചെയ്തു. ആദൂര്‍ ചെക്‌പോസ്റ്റില്‍ വച്ച് ബദിയടുക്ക എക്‌സൈസും ആദൂര്‍ എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍ രാജിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ ( ആദൂര്‍ ചെക് പോസ്റ്റ്), വിനോദ്, സദാനന്ദന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ തുടര്‍നടപടികള്‍ക്കായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെന്ന് എക്‌സൈസ് അറിയിച്ചു.