മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോലിയുടെ പിൻഗാമിയാകുക ആരെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുകയാണ് വിരാട് കോലി അടക്കമുള്ള ഇന്ത്യൻ ടീം. ടി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിശ്രമമെടുത്ത കോലി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചെങ്കിലും വലിയ സ്കോർ നേടാതെ പുറത്തായിരുന്നു. 24, 20, 14, എന്നിങ്ങനെയായിരുന്നു ശ്രീലങ്കക്കെതിരെ കോലിയുടെ ബാറ്റിംഗ് പ്രകടനം.
ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച 35കാരനായ കോലി അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിനങ്ങളിൽ നിന്നും വിരമിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഇന്ത്യൻ ടീമിൽ വിരാട് കോലിയുടെ പകരക്കാരനാവാൻ കഴിയുന്ന താരത്തെ പ്രവചിച്ച് പിയൂഷ് ചൗള രംഗത്തുവന്നിരിക്കുന്നത്. ശുഭ്മാൻ ഗില്ലായിരിക്കും ഇന്ത്യൻ ടീമിൽ കോലിയുടെ പകരക്കാരനാകുകയെന്ന് ശുഭാങ്കർ മിശ്രയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിയുഷ് ചൗള പറഞ്ഞു. ഗില്ലിൻറെ ടെക്നിക്കും ശൈലിയും കോലിയോട് അടുത്ത് നിൽക്കുന്നതാണെന്നും പിയൂഷ് ചൗള വ്യക്തമാക്കി.
Also Read:രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള
എന്നാൽ ഗില്ലിന് പുറമെ കോലിയുടെ പകരക്കാരനാവാൻ സാധ്യതയുള്ള മറ്റൊരു താരമുണ്ടെങ്കിൽ അത് റുതുരാജ് ഗെയ്ക്‌വാദ് ആണെന്നും ചൗള പറഞ്ഞു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ ചൗള ഇന്ത്യക്കായി ഏകദിനങ്ങളിലും ടി20യിലും അരങ്ങേറിയെങ്കിലും ഇതുവരെ ടീമിലെ സ്ഥിരം സാന്നിധ്യമായിട്ടില്ല. പരിക്കാണ് റുതുരാജിൻറെ കാര്യത്തിൽ പലപ്പോഴും വില്ലനാവാറുള്ളത്. എന്നാൽ പരിക്കൊക്കെ കളിയുടെ ഭാഗമാണെന്നും എൻറെ അഭിപ്രായത്തിൽ വിരാട് കോലിയുടെ പിൻഗാമിയാകുക ഇവരിൽ ഒരാളായിരിക്കുമെന്ന് ഉറപ്പാണെന്നും പിയൂഷ് ചൗള പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ശുഭ്മാൻ ഗിൽ ഉണ്ടെങ്കിലും റുതുരാജിന് ഇടം ലഭിച്ചിരുന്നില്ല.